titanium

തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് ഫർണസ് ഓയിൽ ചോർന്ന് നാല് കിലോമീറ്ററോളം തീരക്കടലിലേക്ക് വ്യാപിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ഫർണസ് ഓയിൽ ഡ്രൈനേജ് വഴി കടലിലേക്ക് ഒഴുകിയത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാർ സിമന്റ്സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എൽ. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ. പത്ത് ദിവസത്തിന് അകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് നിർദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള റിപ്പോർട്ട് നൽകുവാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇന്നലെയാണ് ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് ഫർണസ് ഓയിൽ ചോർന്നത്. നാല് കിലോമീറ്ററോളം തീരക്കടലിലേക്ക് എണ്ണ വ്യാപിച്ചത് ആശങ്ക പടർത്തിയിരുന്നു. ഗ്ലാസ് പൈപ്പ് ലൈൻ പൊട്ടിയാണ് അയ്യായിരം ലിറ്റർ ഓയിൽ വേളി മുതൽ പുതുക്കുറിച്ചി വരെയുള്ള തീരത്തേക്ക് വ്യാപിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് ടൈറ്റാനിയത്തിന്റെ പ്രവർത്തനം നിറുത്തിവച്ചു. കടൽത്തീരത്ത് പടർന്ന ഓയിൽ നിറഞ്ഞ മണൽ മുഴുവൻ നീക്കം ചെയ്ത് പ്ലാന്റിന്റെ തകരാർ പരിഹരിച്ച ശേഷമേ പ്രവർത്തനം പുനരാരാംഭിക്കൂ.

പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ബോയിലറിലേക്ക് പമ്പ് ചെയ്തപ്പോൾ പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുകയായിരുന്നു. ഈ സമയം കാബിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓപ്പറേറ്റർ ഇത് കണ്ടില്ലെന്ന് അധികൃതർ പറയുന്നു. ഫാക്ടറിയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടാനായി നിർമ്മിച്ച ചാലിലൂടെ തീരത്തേക്ക് ഓയിൽ ഒഴുകിവരുന്നത് കണ്ട് മത്സ്യത്തൊഴിലാളികളാണ് കമ്പനി അധികൃതരെ വിവരം അറിയിച്ചത്.

പമ്പിംഗ് നിറുത്തിയപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. തീരക്കടലിൽ പടർന്ന ഓയിൽ തിരമാലകളിലൂടെ തീരത്ത് അടിഞ്ഞു. ഈ മേൽമണ്ണ് നീക്കംചെയ്യുന്ന ജോലികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. വെട്ടുകാട് മുതൽ വേളി വരെയുള്ള ഭാഗത്തെ മണ്ണ് കമ്പനിയുടെ തന്നെ സ്ഥലത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് കൊണ്ടുപോയശേഷം ഓയിൽ ന്യൂട്രിലൈസർ ഉപയോഗിച്ച് നിർവീര്യമാക്കുകയാണ്. ക്രൂഡ് ഓയിലിന്റെ ഉപോത്പന്നമാണ് ഫർണസ് ഓയിൽ. ഗ്ലാസ് നിർമാണത്തിനുള്ള പ്ലാന്റിന്റെ ഇന്ധനമായാണ് ഉപയോഗിക്കുന്നത്. സൾഫർ കൂടുതലായതിനാൽ മലിനീകരണതോതും കൂടും.


ഓയിൽ കടലിൽ പരന്നതോടെ മുട്ടയിടാനായി കരയിലേക്കെത്തിയ കടലാമകൾ ചത്തു. നൂറ് കണക്കിന് ആമകൾ മുട്ടയിടാനായി എത്തുന്ന തീരമാണ് വെട്ടുകാടിനും വേളിക്കുമിടയിലുള്ള തീരം. വെള്ളത്തിൽ കലർന്നതിനാൽ മത്സ്യങ്ങൾക്കും കടൽജീവികൾക്കും ഓക്സിജൻ ലഭിക്കാത്തതിനാലാണ് ഇവ ചത്തുപോങ്ങുന്നത്. തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വലകളിലും എണ്ണ പടർന്നു. ഇത് വൃത്തിയാക്കാതെ മത്സ്യബന്ധനത്തിന് പോകാനാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.