solar-case

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്‌ണന്റേയും ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 25ന് കേസിൽ വിധി പറയും. കോഴിക്കോട് സ്വദേശി അബ്‌ദുൾ മജീദിൽ നിന്ന് 42,70000 രൂപ സോളാർ പാനൽ സ്ഥാപിക്കാൻ സരിതയും ബിജു രാധാകൃഷ്‌ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് വിധി പറയാൻ മാറ്റിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുന്നത്

സരിതയ്‌ക്ക് കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാക‌ാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സരിതയ്ക്ക് നാഡികളുടെ ക്ഷതത്തിനുളള ചികിത്സയുടെ ഭാഗമായാണ് കീമോ തെറാപ്പി. ബിജു രാധാകൃഷ്‌ണൻ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരും കോടതിയിൽ ഹാജരായില്ല.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റർ ചെയ്‌ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‍തത്. ഒരു മാസികയിൽ ടീം സോളാറിന്റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്‌ദുൾ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഡോക്‌ടർ ആർ ബി നായർ, ലക്ഷ്‌മി നായർ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്‌ണനും സരിതയും അബ്‌ദുൾ മജീദിന് മുന്നിലെത്തുന്നത്. അബ്‌ദുൾ മജീദിന്റെ വീട്, അസോസിയേറ്റഡ് സ്റ്റീൽസ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം എന്നിവിടങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവർ പണം തട്ടിയത്.

നാല് ജില്ലകളിൽ ടീം സോളാറിന്റെ വിതരണം, പാലക്കാടിന് സമീപം കാറ്റാടി മിൽ സ്ഥാപിക്കാൻ സഹായം എന്നിവയും ബിജുരാധാകൃഷ്‌ണനും സരിതയും വാഗ്ദ്ധാനം ചെയ്‌തു. 42,70,000 രൂപയാണ് മൊത്തം തട്ടിയെടുത്ത്. 2016 ലാണ് വിചാരണ തുടങ്ങിയത്. ബിജുരാധാകൃഷ്‌ണൻ, സരിത ഇവരോട് അടുപ്പമുളള മണിമോൻ എന്നിവരാണ് പ്രതികൾ. വഞ്ചന, മറ്റൊരാളുടെ പണം തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക, ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ എന്നിവയാണ് ബിജുവിനും സരിതയ്‌ക്കുമെതിരായ കേസ്. ഓരോ വകുപ്പുകളിലും മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണിത്.