
ആസ്ട്രേലിയൻ മണ്ണിൽചെന്ന് ടെസ്റ്റ് പരമ്പരയിൽ അവരെ കീഴടക്കിയ ചരിത്ര നേട്ടത്തിന്റെ തിളക്കവുമായി ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റിന് ചെന്നൈയിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരുന്നത് 227 റൺസിന്റെ തോൽവിയാണ്. സമീപകാലത്ത് ഇന്ത്യൻ ടീം നേരിട്ട ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ആസ്ട്രേലിയയിൽ കാട്ടിയ പോരാട്ടവീര്യത്തിന്റെയും ആവേശത്തിന്റെയും നൂറിലൊരംശം പോലും പുറത്തെടുക്കാനാവാതെയാണ് സ്വന്തം നാട്ടിൽ വിരാട് കൊഹ്‌ലിയുടെ തിരിച്ചുവരവ് ഉണ്ടായിട്ടുകൂടി ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രശംസിച്ച് വാതോരാതെ സംസാരിച്ചവരുടെ വായടപ്പിക്കുന്ന മട്ടിലാണ് ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ജോ റൂട്ടും കൂട്ടരും വെന്നിക്കൊടി പാറിച്ചത്.രണ്ടാം ടെസ്റ്റിന് നാളെ ഇതേ വേദിയിൽ തുടക്കം കുറിക്കാനിരിക്കേ ഇന്ത്യയുടെ കനത്ത പരാജയത്തിനുള്ള കാരണങ്ങളെക്കുറിച്ചും ഇനിയുള്ള മത്സരങ്ങളിൽ മാറേണ്ടതെങ്ങനെയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
തോൽവിയിലേക്ക് തുറന്ന വഴി
1. ടോസ്
ആദ്യ ബാറ്റിംഗ് വേണമോ ബൗളിംഗ് മതിയോ എന്ന് തീരുമാനിക്കാൻ അവസരം നൽകുന്ന ടോസിന് ടെസ്റ്റിൽ വലിയ പ്രധാന്യമുണ്ട്. പിച്ചിന്റെ സ്ഥിതി മനസിലാക്കിയശേഷം ഉചിതമായ തീരുമാനമെടുക്കാൻ ടോസ് നേടുന്ന നായകന് അവസരം ലഭിക്കും. ചെന്നൈയിൽ ടോസ് നേടിയ ഇംഗ്ളീഷ് നായകൻ ജോ റൂട്ട് സന്തോഷത്തോടെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ ബാറ്റിംഗിന് ചെന്നൈ പിച്ച് നൽകുന്ന ആനുകൂല്യം പരമാവധി മുതലാക്കുകയായിരുന്നു റൂട്ടിന്റെ ലക്ഷ്യം. 600-700 റൺസാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റൂട്ട് പറഞ്ഞിരുന്നു. 578 റൺസ് ആദ്യ ഇന്നിംഗ്സിൽ നേടാനും അവർക്ക് കഴിഞ്ഞു.190.1 ഓവറാണ് ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ ബാറ്റുചെയ്തത്.
9
2016 നവംബർ 26 മുതൽ 2021ഫെബ്രുവരി 12 വരെയുള്ള കാലയളവിൽ തുടർച്ചയായ ഒൻപത് ടെസ്റ്റുകളിലാണ് വിരാട് കൊഹ്‌ലിക്ക് ഇംഗ്ളണ്ടിനെതിരായ ടെസ്റ്റുകളിൽ ടോസ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇംഗ്ളണ്ടിനെതിരെ തുടർച്ചയായ ഒൻപത് ടെസ്റ്റുകളിൽ ടോസ് നഷ്ടമായ മറ്റൊരു ഇന്ത്യൻ ക്യാപ്ടനേയുള്ളൂ- സുനിൽ ഗാവസ്കർ.1981-84 കാലയളവിലാണ് ഗാവസ്കർക്ക് ഇത്രയും ടോസ് നഷ്ടമുണ്ടായത്.
10
ഇംഗ്ളണ്ടിനെതിരെ നായകനായ 11ടെസ്റ്റുകളിൽ 10 എണ്ണത്തിലും ടോസ് നേടാൻ കൊഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ അഞ്ചുമത്സരങ്ങൾ വിജയിച്ചു.അഞ്ചെണ്ണത്തിൽ തോറ്റു. ഒന്ന് സമനിലയിലായി.
10
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ടോസ് നഷ്ടമായ റെക്കാഡ് ഇംഗ്ളീഷുകാരൻ നാസർ ഹുസൈനാണ്. 2000-2001 കാലയളവിൽ പത്തുമത്സരങ്ങളിൽ ഹുസൈന് ടോസ് നഷ്ടമായിട്ടുണ്ട്. ഭാഗ്യമില്ലെങ്കിൽ കൊഹ്‌ലിക്ക് ചെന്നൈയിൽത്തന്നെ ആ റെക്കാഡിനൊപ്പമെത്താം.
2. ചെന്നൈയിലെ പിച്ച്
മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിഗംഭീരമായി ബാറ്റുചെയ്യാം. അവസാന ദിവസങ്ങളിൽ കാലുറപ്പിച്ച് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇതായിരുന്നു എം.എ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്ഥിതി. ആദ്യ ഇന്നിംഗ്സിൽ ചുവടുറപ്പിച്ച ഇംഗ്ളണ്ടിനെ പുറത്താക്കാൻ ആറു സെഷനുകൾ ഇന്ത്യയ്ക്ക് വേണ്ടിവന്നു. എന്നാൽ അവസാന അഞ്ചുസെഷനുകളിൽ ഇരുവശത്തുമായി പൊഴിഞ്ഞത് 24 വിക്കറ്റുകളും. ഇതിൽത്തന്നെ പിച്ചിന്റെ സ്വഭാവസവിശേഷതകൾ വ്യക്തമാണ്.
ഇന്ത്യയ്ക്ക് ഹോംഗ്രൗണ്ടിന്റെ ആനുകൂല്യങ്ങളൊന്നും ചെന്നൈ പിച്ച് നൽകിയില്ല.രോഹിത് ശർമ്മയടക്കം ആറു ബൗളർമാരെ കൊഹ്‌ലി പരീക്ഷിച്ചു. എന്നാൽ ആദ്യ ഇന്നിംഗ്സിൽ വെല്ലുവിളികളൊന്നും കൂടാതെ ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാർ സ്കോർ ബോർഡ് ഉയർത്തികൊണ്ടേയിരുന്നു. പിച്ചിനെ നന്നായി മനസിലാക്കിയതിനാലാണ് ഇന്ത്യയെ ഫോളോഓണിനിറക്കാനുള്ള അവസരം ഇംഗ്ളണ്ട് വേണ്ടെന്ന് വച്ചത്. അവസാനദിവസം ബാറ്റുചെയ്യുന്നത് കൂടുതൽ ദുഷ്കരമാണെന്ന് ഇന്ത്യ തെളിയിക്കുകയും ചെയ്തു.
3. ദുർബലമായ ഇന്ത്യൻ ബൗളിംഗ്
ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയശേഷമുള്ള ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തെ നിരാശാജനകമെന്നേ പറയാനാകൂ.പിച്ചിൽ നിന്ന് സഹായമൊന്നും ലഭിക്കില്ലെന്ന് മനസിലായപ്പോൾ അതിനനുസരിച്ച് തന്ത്രങ്ങൾ മെനയാനോ നടപ്പിലാക്കാനോ ബൗളർമാർക്കും ക്യാപ്ടൻ കൊഹ്‌ലിക്കും കഴിഞ്ഞില്ല. എവിടെയാണ് പിഴച്ചതെന്ന് നന്നായി ആലോചിച്ച് മനസിലാക്കിയശേഷം അടുത്ത ടെസ്റ്റിൽ ബൗൾ ചെയ്യാനിറങ്ങുകയായിരിക്കും ഉചിതം.
4. നോ ബാൾ ബൗളിംഗ്
തകർത്തും ആത്മവിശ്വാസമില്ലാത്ത രീതിയിലാണ് ഇന്ത്യൻ ബൗളർമാർ ആദ്യ ഇന്നിംഗ്സിൽ പന്തെറിഞ്ഞത്. 27 നോ ബാളുകൾ ഇന്ത്യൻ ബൗളർമാർ മത്സരത്തിലാകെ എറിഞ്ഞു എന്നത് എത്രത്തോളം ആത്മവിശ്വാസക്കുറവ് അവരിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. പേസർമാർ നോ ബാൾ എറിയുന്നത് സ്വാഭാവികമെന്നോ റണ്ണപ്പിലെ പിഴവെന്നോ വിശേഷിപ്പിക്കാമെങ്കിൽ സ്പിന്നറായ ഷഹ്ബാസ് നദീം ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ മൂന്നും നോബാളുകൾ എറിഞ്ഞത് ഉള്ളിലെ സംഘർഷമാണ് പുറത്തുകാട്ടിയത്. ഇതോടെ ആത്മവിശ്വാസത്തോടെ ബാറ്റുചെയ്യാൻ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാർക്ക് സാധിക്കുകയും ചെയ്തു.നോ ബാളുകൾ എറിയുന്നതിൽ ഇശാന്തും ബുറംയും അശ്വിനും ഒന്നും കുറവ് വരുത്തിയില്ല.
ഇന്ത്യയുടെ നോ ബാളുകൾ
ബൗളർ - ആദ്യ ഇന്നിംഗ്സ് - രണ്ടാം ഇന്നിംഗ്സ് - ആകെ
ഇശാന്ത് : 5-0-5
ബുംറ : 7-1-8
അശ്വിൻ : 2-3-5
നദീം : 6-3-9
5. റണ്ണൊഴുക്കിയ നദീം
മത്സരത്തലേന്ന് അക്ഷർ പട്ടേലിന് പരിക്കേറ്റത്തിനാലാണ് ഷഹ്ബാസ് നദീമിനെ സ്പിന്നറായി പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനത്തിന് വലിയ വിലയാണ് ഇന്ത്യ നൽകേണ്ടിവന്നത്. ഇരു ഇന്നിംഗ്സുകളിലുമായി 59 ഓവറുകൾ എറിഞ്ഞ നദീം നാലുവിക്കറ്റ് വീഴ്ത്തിയെങ്കിലും 233 റൺസാണ് വഴങ്ങിയത്. പത്തോവറിൽ അധികം എറിയുന്ന ബൗളർ ഒരോവറിൽ ശരാശരി നാലിനടുത്ത് റൺസ് നൽകുന്നത് ടെസ്റ്റിൽ ആത്മഹത്യാപരമെന്നേ വിശേഷിപ്പിക്കാനാകൂ.ആദ്യ ഇന്നിംഗ്സിൽ നദീം പന്തെടുത്തശേഷമാണ് ഇംഗ്ളീഷ് ബാറ്റ്സ്മാൻമാർ സ്കോർ ഉയർത്താൻ തുടങ്ങിയതുതന്നെ. തന്റെ രണ്ടാമത്തെ ടെസ്റ്റിന് മാത്രമാണ് നദീം കളിക്കാനിറങ്ങിയത്. അതും തുടർച്ചയായി ഇരട്ട സെഞ്ച്വറികൾ നേടിവന്ന ജോ റൂട്ടിനെപ്പോലൊരു ബാറ്റ്സ്മാൻ കളത്തിലുള്ളപ്പോൾ നദീമിനെ തുടർച്ചയായി ഉപയോഗിക്കേണ്ടിവന്നത് കൊഹ്‌ലിയുടെ ഗതികേടായേ കാണാനാകൂ. ഓരോ സെഷന്റെയും ഇടവേളകളിൽ നദീമിന്റെ റണ്ണപ്പ് ശരിയാക്കാൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ശ്രീധറിന് രംഗത്തിറങ്ങേണ്ടിവന്നു.
6. ഇതുപോര,ഇശാന്ത്
കരിയറിൽ 300 വിക്കറ്റുകൾ തികയ്ക്കുക എന്ന വ്യക്തിഗത നേട്ടം ഇശാന്ത് ഈ ടെസ്റ്റിലൂടെ സ്വന്തമാക്കിയിരിക്കാം. എന്നാൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസർ എന്ന നിലയിലെ പ്രയോജനം ടീമിന് നൽകാൻ ഇശാന്തിന് കഴിഞ്ഞതേയില്ല.മൂന്ന് വിക്കറ്റുകളാണ് രണ്ട് ഇന്നിംഗ്സുകളിലുമായി നേടിയത്. ഇംഗ്ളണ്ട് പേസർ ജെയിംസ് ആൻഡേഴ്സണുമായി തട്ടിച്ചുനോക്കുമ്പോഴേ ഇശാന്ത് എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് മനസിലാവൂ.സ്വന്തം നാട്ടിൽ ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ജസ്പ്രീത് ബുംറയും നിരാശപ്പെടുത്തുകയായിരുന്നു.
7. വാഷിംഗ്ടൺ സുന്ദരം, പക്ഷേ ...
ആസ്ട്രേലിയയിൽ ബാറ്റുകൊണ്ടും ബാളുകൊണ്ടും ഹീറോയായ വാഷിംഗ്ടൺ സുന്ദർ ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ 85 റൺസ് നേടി രണ്ടാമത്തെ മികച്ച വ്യക്തിഗത സ്കോറിന് ഉടമയായിരുന്നു.രണ്ടാം ഇന്നിംഗ്സിൽ ബ്രിസ്ബേനിലേതുപോലെ ഒരു ചെറുത്തുനിൽപ്പിന് പക്ഷേ സുന്ദറിന് കഴിഞ്ഞില്ല. പക്ഷേ ബൗളറെന്ന നിലയിൽ സുന്ദറിനെ ഉപയോഗിക്കാത്തതിലാണ് അതിശയം. രണ്ടാം ഇന്നിംഗ്സിൽ സുന്ദറിന് ഒരോവർ മാത്രമാണ് ലഭിച്ചത്.
8. ചോർന്നുപോയ വീര്യം
ആസ്ട്രേലിയയിൽ ഇന്ത്യ വിജയിച്ചത് മനക്കരുത്ത് കൊണ്ടുകൂടിയാണ്. ഇംഗ്ളണ്ടിനെതിരെ സ്വന്തം മണ്ണിലിറങ്ങുമ്പോൾ ആ ആത്മവിശ്വാസം വർദ്ധിക്കേണ്ടതായിരുന്നു. എന്നാൽ ചെന്നൈയിലെ ഇന്ത്യൻ കളിക്കാരുടെ ശരീരഭാഷ തന്നെ തോറ്റവരുടേതായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇത്രയും വലിയ ലീഡ് ഇംഗ്ളണ്ടിന് നൽകിയതുതന്നെ കരുത്തുചോർന്നതിന്റെ പ്രതീകമായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ പരമാവധി പിടിച്ചുനിന്ന് ലീഡ് കുറയ്ക്കാനുള്ള സമീപനം ഉണ്ടായില്ല. രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗിലും വിക്കറ്റ് നഷ്ടമാകാതെ നോക്കാൻ ഒരു ഇന്ത്യൻ ബാറ്റ്സ്മാനും ഉത്തരവാദിത്വം കാട്ടിയില്ല.
9. എന്തുപറ്റി രഹാനെയ്ക്കും രോഹിതിനും ?
ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിയിൽ അജിങ്ക്യ രഹാനെയുടെയും രോഹിത് ശർമ്മയുടെയും മോശം ബാറ്റിംഗ് പ്രകടനത്തിന് പ്രകടമായ പങ്കുണ്ട്. രണ്ട് ഇന്നിംഗ്സുകളിൽ രഹാനെയുടെ സ്കോറിംഗ് 1,0 എന്നിങ്ങനെയാണ്.രോഹിത് ആകട്ടെ ആദ്യ ഇന്നിംഗ്സിൽ ആറും രണ്ടാം ഇന്നിംഗ്സിൽ 12ഉം റൺസാണ് നേടിയത്. വലിയൊരു ചേസിംഗിന് ഇറങ്ങുമ്പോൾ രണ്ട് പ്രധാന ബാറ്റ്സ്മാന്മാർ ഒറ്റയക്കത്തിൽ പുറത്താകുന്നത് ഏതുടീമിനെയും ബാക്ക് ഫൂട്ടിലാക്കും. ഓപ്പണിംഗിൽ പുതുമുഖമായ മായാങ്ക് അഗർവാളിന് ആത്മവിശ്വാസം നൽകി കൂടുതൽ നേരം ക്രീസിൽ നിൽക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതുപോലെയായിരുന്നു രോഹിതിന്റെ പ്രകടനം.
10. കൂട്ടുകെട്ട് മോശം
ഇരു ഇന്നിംഗ്സുകളിലും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കുവാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിയാതിരുന്നതാണ് പരാജയത്തിന് മറ്റൊരു കാരണം.ഓപ്പണിംഗുമുതൽ കൂട്ടുകെട്ടുകളുടെ അഭാവം ഇന്ത്യൻ ഇന്നിംഗ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു. ചേതേശ്വർ പുജാരയും റിഷഭ് പന്തും സ്വതസിദ്ധമായ ശൈലിയിൽ മുന്നോട്ടുപോകുമ്പോൾ അവർക്ക് പിന്തുണ നൽകി ഇന്നിംഗ്സ് ദീർഘിപ്പിക്കേണ്ട ചുമതലയിൽ നിന്നാണ് മറ്റുള്ളവർ ഒഴിഞ്ഞുമാറിയത്.
മാറിയാലേ പറ്റൂ..
രണ്ടാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീം പ്രധാനമായും മാറേണ്ടത് അഞ്ചുകാര്യങ്ങളിലാണ്
1.ടീമെന്ന നിലയിലെ പോരാട്ടവീര്യം തിരിച്ചുവരേണ്ടതുണ്ട്. വിജയം നേടാൻ മനക്കരുത്തുള്ളവരുടെ ആവേശം ശരീരഭാഷയിലും കാണേണ്ടതുണ്ട്. ക്യാപ്ടനെന്നനിലയിൽ ഇതിന്റെ ഉത്തരവാദിത്വം പ്രധാനമായും കൊഹ്‌ലിക്കാണ്.
2.ബാറ്റ്സ്മാൻമാർ കൂടുതൽ ഉത്തരവാദിത്വം കാട്ടിയാലേ പറ്റൂ.ഏഴ് ബാറ്റ്സ്മാന്മാരാണ് ഇന്ത്യൻ നിരയിലുണ്ടായിരുന്നത്.ഇതിൽകൂടുതൽ ബാറ്റ്സ്മാന്മാരെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുക പ്രയാസമാണ്.
3. മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തുന്ന തന്ത്രം രണ്ടാം ടെസ്റ്റിൽ മാറ്റിയേക്കും. രണ്ടാം ടെസ്റ്റിന് തിരഞ്ഞെടുക്കുന്ന പിച്ചിന് അനുസരിച്ച് ബൗളർമാരെ തിരഞ്ഞെടുക്കുക.
4. ഷഹ്ബാസ് നദീമിനെ പ്ളേയിംഗ് ഇവലനിൽ നിന്ന് ഒഴിവാക്കി പരിക്കുമാറിയെത്തുന്ന അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തുക. രവീന്ദ്ര ജഡേജയെപ്പോലെ ഒരു ആൾറൗണ്ടറുടെ അഭാവം ആദ്യ ടെസ്റ്റിലുണ്ടായതിന് ഒരുപരിധിവരെ പരിഹാരമാകാൻ അക്ഷറിന് കഴിയും.
5. ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള കുൽദീപ് യാദവിന് ഒരവസരം നൽകുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് രവിചന്ദ്രൻ അശ്വിനുമായി ചേർന്ന് പന്തെറിയുമ്പോൾ ഇക്കാലത്തെ ഏറ്റവും മികച്ച ചൈനാമാൻ സ്പിന്നറായ കുൽദീപിന് തിളക്കം വർദ്ധിക്കാറുണ്ട്.
ആദ്യ ടെസ്റ്റിലെ കളി ഇങ്ങനെ
ടോസ് : ഇംഗ്ളണ്ട്
ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സ് : 578
ജോ റൂട്ട് 218,ഡോം സിബിലി 87,ബെൻ സ്റ്റോക്സ് 82,ഒലീ പോപ്പ്സ്34,ബട്ട്‌ലർ 30,ഡോം ബെസ് 34
ബുംറ 3/84,അശ്വിൻ3/146,ഇശാന്ത് 2/52,നദീം 2/167
ഇന്ത്യ : ഒന്നാം ഇന്നിംഗ്സ് : 337
റിഷഭ് പന്ത് 91, പുജാര 73, വാഷിംഗ്ടൺ സുന്ദർ 85*,അശ്വിൻ 31
ഡോം ബെസ് 4/76,ആൻഡേഴ്സൺ 2/46 , ആർച്ചർ2/75
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് : 178
റൂട്ട് 40,പോപ്പ് 28,ബട്ട്‌ലർ24,ഡോം ബെസ് 25
അശ്വിൻ 6/61,നദീം 2/66
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് : 192
ഗിൽ 50,കൊഹ്‌ലി 72
ലീച്ച് 4/74,ആൻഡേഴ്സൺ3/17
മാൻ ഒഫ് ദ മാച്ച് : ജോ റൂട്ട്
ഇന്ത്യയെ അവസാനമായി ഒരു ഹോം ടെസ്റ്റ് സിരീസിൽ തോൽപ്പിച്ച ടീം ഇംഗ്ളണ്ടാണ്. 2012-13 സീസണിലാണ് ഇംഗ്ളണ്ട് ഇന്ത്യയിൽ വന്ന് ടെസ്റ്റ് പരമ്പര വിജയം നേടിയത്.