
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. നദീ തീരത്ത് നിന്ന് ആളുകളെ മാറ്റുകയാണ്. രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളും യന്ത്രങ്ങളും അടിയന്തരമായി പ്രദേശത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്. തുരങ്കത്തിനകത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന എല്ലാവരോടും പുറത്തിറങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വളരെയേറെ ദുഷ്‌ക്കരപ്പെട്ടാണ് തപോവൻ തുരങ്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്. മണ്ണും ചെളിയും നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്റുമാണ് തപോവൻ തുരങ്കത്തിൽ അടിഞ്ഞ് കൂടികിടക്കുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാൻ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്റെ ടി പോയിന്റിൽ എത്താനായിരുന്നില്ല. ഡ്രോൺ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണലിന് പുറത്തും നിരീക്ഷണം നടത്തുകയായിരുന്നു.
ഐ ടി ബി പി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവർത്തനം പ്രധാനമനായും നടത്തുന്നത്. വ്യോമസേനയുടെ ചിനൂക്ക്, എം ഐ 17 വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യോമമാർഗവും തെരച്ചിൽ നടത്തുകയും രക്ഷാപ്രവർത്തകർക്കായി ഉപകരണങ്ങൾ എത്തിച്ച് നൽകുകയും ചെയ്‌തിരുന്നു .പതിമൂന്ന് ഗ്രാമങ്ങൾ മേഖലയിൽ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകർന്നതോടെ കരമാർഗം സ്ഥലത്തെത്താൻ വഴിയില്ല. അതിനാൽ വ്യോമമാർഗം ഭക്ഷ്യവസ്‌തുക്കളും കുടിവെളളവും എത്തിക്കുകയാണ്.