
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തോട് പിണങ്ങി നിന്ന കെ വി തോമസ് കെ പി സി സി വർക്കിംഗ് പ്രസിഡന്റാകും. ഇതുസംബന്ധിച്ച തീരുമാനം സോണിയ ഗാന്ധി അംഗീകരിച്ചു. ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. അതേസമയം, തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കെ വി തോമസ് പറയുന്നത്.
തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി അശോക് ഗഹ്‌ലോട്ട് അടക്കമുളള നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഇടത്തോട്ട് ചായാൻ നിന്ന കെ വി തോമസിന്റെ മനസ് മാറിയത്. തോമസിനെ ഒപ്പം നിർത്താനുളള അനുനയ ചർച്ചകളുടെ ഭാഗമായി സോണിയഗാന്ധിയും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പാർട്ടി വിടാനുളള നീക്കത്തിൽ നിന്നും പിന്മാറിയ കെ വി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പരാതിപ്പെടുകയും ചെയ്‌തിരുന്നു.
വർക്കിംഗ് പ്രസിഡന്റ് അല്ലെങ്കിൽ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം, ഇതു രണ്ടും നടന്നില്ലെങ്കിൽ മകൾക്ക് നിയമസഭാ സീറ്റ് ഇതൊക്കെയായിരുന്നു തോമസിന്റെ ഉപാധികൾ. അതിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കെ പി സി സിയും ഹൈക്കമാൻഡും തോമസിന് ഉറപ്പ് കൊടുത്തിരുന്നു.
തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്ഥാന കോൺഗ്രസിലെ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും നിർണായക തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിന്റെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എ ഐ സി സിയും കെ പി സി സിയും തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്തിയത്.