
മുടി കൊഴിയുന്നത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഒട്ടേറെപ്പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലവിധ എണ്ണകളും ഷാംപുകളും മാറിമാറി ഉപയോഗിച്ചിട്ടും പരിഹരിക്കാനാകാത്ത പ്രശ്നം. മുടികൊഴിച്ചിലിന് കാരണം മുടി മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യപ്രശ്നങ്ങൾ മുടിയുടേയും പ്രശ്നമായി മാറും. മുടികൊഴിയാൻ പൊതുവായ ചില കാരണങ്ങളുണ്ട്.
കാരണങ്ങൾ
l ഷാംപു കൂടുതലായി ഉപയോഗിക്കുക,മുടി വലിച്ച് ചീകുക, വിപണിയിലെ ഹെയൽ ഓയിലുകളും ടോണിക് (ഹെയർ)കളും മാറി മാറി ഉപയോഗിക്കുക. ഹെയർ ഡ്രയർ കൂടുതൽ നേരം ഉപയോഗിക്കുക, തീരെ എണ്ണ ഉപയോഗിക്കാതിരിക്കുക. കൂടുതൽ ചിന്തിക്കുക, ഉറക്കമില്ലായ്മ, ധാരാളം ഗുളികകൾ കഴിക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലും അകാലനരയും ഉണ്ടാകാം.
l തലയിൽ എണ്ണതേയ്ക്കുന്നത് പുത്തൻ തലമുറക്കാർക്ക് വൈമനസ്യമാണ്. എന്നാൽ ആഴ്ചയിൽ രണ്ടുതവണ തലയിൽ എണ്ണ തേയ്ക്കുന്നത് മുടിയുടെ ഈടിനും ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന വസ്തുത പുത്തൻ തലമുറ മറക്കുന്നു. അവർക്ക് ഡ്രൈഹെയറാണിഷ്ടം. ഇത്തരക്കാർ ഇതുമൂലം ചെയ്യുന്നത് മുടികൊഴിച്ചിലും അകാലനരയുമാണ് ക്ഷണിച്ചുവരുത്തുന്നത്.
l ഒരാഴ്ചയിൽ കുറെശ്ശെ രണ്ടുനേരം ശുദ്ധമായ വെളിച്ചെണ്ണ തേയ്ക്കുക. ഒരു മണിക്കൂറിന് ശേഷം മൈൽഡായ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിയുടെ അഴകിനും ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
മുടികൊഴിയൽ
l താരനാണ് മുടികൊഴിച്ചിലിന് മറ്റൊരു കാരണം. ചില ത്വക്ക് രോഗത്തിന്റെയും പ്രാരംഭഘട്ടമായും താരനെ കാണേണ്ടതുണ്ട്.
l നന്നായി തലയിളക്കി അഴുക്ക് കളയാതിരിക്കുന്നതും എണ്ണമെഴുക്ക് മുടിയിൽ അധികമാവുന്നതും താരന് കാരണമാവുന്നു. എള്ളെണ്ണയുടെ അമിതമായ ഉപയോഗവും താരന് വഴിയാവും. താരനുണ്ടായാൽ തലയോട്ടിയുടെ പുറത്തുള്ള തൊലി ക്രമാതീതമായി ഉരിഞ്ഞുപോവും. ഒപ്പം തൊലിയെ മുടിയുമായി ഘടിപ്പിക്കുന്ന ബലം കുറയുകയും ചെയ്യും.
താരൻ ഒഴിവാക്കാൻ
കയ്യൂന്നിയാദി വെളിച്ചെണ്ണ, കേശരഞ്ജിനി കേരം, ഭൃംഗമലകാദി വെളിച്ചെണ്ണ എന്നിവ താരനെ തടയാനും മുടി വളരാനും ഏറെ ഫലപ്രദമാണ്. എന്നാൽ ബ്യൂട്ടിപാർലറുകളിലെ ഡാൻഡ്രഫ് ട്രീറ്റ്മെന്റും താരനകറ്റാൻ പറ്റിയതാണ്.
തലമുടിക്ക് അഴക് ആരോഗ്യം
ഭംഗിയായി സൂക്ഷിക്കുന്ന തലമുടി സൗന്ദര്യത്തിന് മാറ്റുകൂട്ടുമെന്നതിൽ സംശയമില്ല. പക്ഷേ, എങ്ങനെയാണത് സാധിക്കുക.
l വരണ്ടത്, എണ്ണമയമുള്ളത്, സാധാരണ രീതിയിലുള്ളത് എന്നിങ്ങനെ തലമുടിയെ മൂന്നായി തിരിക്കാറുണ്ട്. ഓരോന്നിനും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷാമ്പുവുമുണ്ട്. പയറുചെടി,ചീവയ്ക്കാപ്പൊടി, ഉലുവ, താളി എന്നിങ്ങനെ രാസവസ്തുക്കൾ കലരാത്ത പ്രകൃതിദത്തമായ താളികളാണ് മുടിയിലെ അഴുക്ക് കളയാൻ ഏറ്റവും നന്ന്.
l ഷാംപൂ ഉപയോഗിക്കുമ്പോൾ ഷാംപൂ നേരിട്ട് തലയിൽ തേച്ച് പിടിപ്പിക്കുകയാണ് പലരും ചെയ്യാറുള്ളത്. ഇത് ശരിയല്ല. കോരിക്കുളിക്കുന്ന മഗിലെ വെള്ളത്തിൽ ഒരു ടീ.സ്പൂൺ ഷാംപൂ യോജിപ്പിച്ചിട്ട് മുടി നനച്ച് ഇത് തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്.
l ഷാംപുവിന്റെ അംശം അല്പംപോലും അവശേഷിപ്പിക്കാതെ നല്ലവണ്ണം മുടി കഴുകി ഷാംപൂവിന്റെ അംശം കളുകയും വേണം. ഉണങ്ങിയശേഷം മാത്രം മുടി ചീകിക്കെട്ടുക.
l അകാലനര ഇന്ന് പലർക്കും ഭീഷണിയാണ്. പലതരം ബ്രാൻഡിലുള്ള ഹെയർ ഡൈകൾ പ്രചാരത്തിലുണ്ടെങ്കിലും നിങ്ങളുടെ മുടിയ്ക്ക് അനുയോജ്യമായതും അലർജിയില്ലാത്തതും ഒരു ബ്യൂട്ടീഷ്യന്റെ സഹായത്തോടെ കണ്ടെത്തുന്നത് നന്നായിരിക്കും. അമോണിയ, സിലിക്കോൺ, പാരഫിൻ എന്നീ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ഹെയർ ഡൈകളും വിപണിയിൽ ലഭ്യമാണ്.
l ഹെന്ന ട്രീറ്റ്മെന്റ് മുടിക്ക് യാതൊരു വിധ ദോഷവും വരുത്തുകയില്ലെന്ന് മാത്രമല്ല, കൂടുതൽ സുന്ദരമാക്കുകയും ചെയ്യുന്നു. ആരോഗ്യമില്ലാത്ത മുടിയുടെ അഗ്രം പിളർന്ന് പോകാറുണ്ട്. ശ്രദ്ധിക്കാതിരുന്നാൽ മുടി മുഴുവനായി തന്നെ പിളർന്നു പോയെന്നുവരാം. മാസത്തിലൊരിക്കൽ ഇത്തരം മുടികളുടെ അഗ്രം മുറിച്ച് വിടുന്നത് നന്നായിരിക്കും.
l താരനും മുടികൊഴിച്ചിലും കൊണ്ട് വിഷമിക്കുന്നവർ നിരവധിയാണ്. താരൻ പകരുന്ന രോഗമാണെന്നത്രേ പരക്കെയുള്ള ധാരണ. വാസ്തവത്തിൽ തലയിലെ മൃതകോശങ്ങളാണ് താരനെന്നറിയപ്പെടുന്നത്.
l ഈ മൃതകോശങ്ങൾ അധികം തലയോട്ടിയിൽ പറ്റിപ്പിടിച്ചിരുന്നാൽ അത് രോഗാണുക്കൾ വളരാൻ സഹായകമാവും. അതുകൊണ്ട് ഷാംപുവോ നാടൻ താളികളോ ഉപയോഗിച്ച് തല കഴുകി കോശങ്ങൾ നീക്കം ചെയ്തുകൊണ്ടിരുന്നാൽ താരശല്യം ഒഴിവാക്കാം.
l മുടികൊഴിച്ചിൽ പലകാരണങ്ങൾ കൊണ്ടാകാം. വെളിച്ചെണ്ണയോ ഒലിവെണ്ണയോ ചൂടാക്കി തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ ഉപകരിക്കും. മാനസിക സംഘർഷവും മുടികൊഴിച്ചിലിനിടയാക്കും.
l മുടികൊഴിച്ചിൽ തടയാൻ ഏറ്രവും ആദ്യം ചെയ്യേണ്ടത് സമീകൃതാഹാരം ശീലിക്കുകയെന്നതാണ്. പോഷകാഹാരകുറവാണ് പലപ്പോഴും മുടികൊഴിച്ചിലിന്റെ പ്രധാനകാരണമെന്നോർക്കുക.