
സീതാപഹരണമെന്ന ലക്ഷ്യം മനസിൽ വച്ചുകൊണ്ട് രാമന്റെ ശക്തി തകർക്കാമെന്ന് വ്യാമോഹിച്ച് തന്നെ സമീപിച്ച രാവണനെ ആവും വിധത്തിൽ പിന്തിരിപ്പിക്കാൻ മാരീചൻ ശ്രമിക്കുന്നു. ശ്രീരാമന്റെ മാഹാത്മ്യം അദ്ദേഹം വർണിക്കുന്നു. അതിന് മുമ്പായി തന്റെ ഭൂതകാലവും ഓർത്തെടുക്കുന്നു. പർവ്വതം പോലുള്ള ശരീരവും കാളമേഘത്തിന്റെ നിറവും ഒത്തുചേർന്ന ഞാൻ സർവ്വജീവികൾക്കും ഭയം വിതച്ചുകൊണ്ട് ദണ്ഡകാരണ്യത്തിൽ വസിച്ചിരുന്നു. സ്വർണകുണ്ഡലങ്ങളണിഞ്ഞ് സ്വർണ കിരീടം ചാർത്തി വലിയൊരു ഉലക്ക ആയുധമാക്കിയായിരുന്നു സഞ്ചാരം. ആയിരം ആനകളുടെ ബലം. മുനിമാരുടെ മാംസമായിരുന്നു ഭക്ഷണം. വിശ്വാമിത്രമഹർഷി ബ്രഹ്മർഷിയായിരുന്നു. എന്നിട്ടും എന്റെ ശക്തിയെ ഭയന്നു. സ്വന്തം ശക്തിയിൽ അദ്ദേഹത്തിന് വലിയ മതിപ്പുണ്ടായിരുന്നു. അതുകാരണം അയോദ്ധ്യാപതിയായ ദശരഥനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചു. ഒരു യാഗം ഞാൻ ചെയ്യുന്നുണ്ട്. അതിന് മുടക്കം സംഭവിക്കുന്നു. മാരീചനെന്നൊരു രാക്ഷസൻ ഒരു ഘോരമായാവിയായി വിഘ്നങ്ങൾ സൃഷ്ടിക്കുന്നു. യാഗത്തിന്റെ വിജയകരമായ പൂർത്തീകരണത്തിനായി പുത്രനായ രാമനെകൂടെ അയക്കണം.
സഹായഅഭ്യർത്ഥന കേട്ട് മഹാരാജാവിന്റെ മുഖം വാടി. ദുഃഖഭാവത്തോടെ അദ്ദേഹം ഇപ്രകാരം മറുപടി നൽകി. പ്രിയ മഹർഷേ, പതിനാറ് വയസ് കൂടി തികയാത്ത ഒരു കേവല ബാലനാണ് രാമൻ. വേണമെങ്കിൽ ഞാൻ തന്നെ ചതുരംഗസേനയോടെ വന്ന് രാക്ഷസന്മാരെ നിഗ്രഹിക്കാം.
ദശരഥ മഹാരാജാവിന്റെ പ്രതികരണം വിശ്വാമിത്രമഹർഷിയെ തൃപ്തനാക്കിയില്ല. വിനയപൂർവം വിശ്വാമിത്രൻ ഉണർത്തിച്ചു. മായാവിയായ മാരീചനെ രാമനൊഴികെ മറ്റാർക്കും തോല്പിക്കാനാകില്ല. അങ്ങയുടെ കീർത്തി മൂന്നുലോകത്തിലും പരന്നിട്ടുണ്ട്. ദേവാസുരയുദ്ധവേളയിൽ പലപ്പോഴും അങ്ങ് ദേവന്മാരെ സഹായിക്കാറുണ്ടെന്നും അറിയാം. എന്നാൽ ഇപ്പോൾ അങ്ങയുടെ സൈന്യസഹായമല്ല ആവശ്യം. കാരണം യാഗസംരക്ഷണത്തിന് അതിന്റെ കാര്യമില്ല. രാക്ഷസന്മാരുടെ നിഗ്രഹത്തിന് രാമൻ മാത്രം മതി. രാമനല്ലാതെ മറ്റാർക്കും അവരെ സഹായിക്കാനാകില്ല. യാഗസംരക്ഷണത്തിന് രാമനെ ഒപ്പം അയച്ചാൽ ശത്രുക്കൾക്ക് പേടിസ്വപ്നമായ അങ്ങയ്ക്ക് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും.
വിശ്വാമിത്രന്റെ സ്നേഹപൂർണമായ നിർബന്ധത്തിന് ഒടുവിൽ മഹാരാജാവ് വഴങ്ങി. രാമലക്ഷ്മണന്മാരേയും കൂട്ടി ബ്രഹ്മർഷി തന്റെ ആശ്രമത്തിലെത്തി. ദണ്ഡകാരണ്യത്തിൽ യാഗവിജയത്തിനായി വ്രതമാരംഭിച്ചു. ഏറ്റവും വിചിത്രമായ ഒരുവില്ലെടുത്ത് ചെറുഞാണൊലി മുഴക്കി രാമൻ മുനിയുടെ സമീപം നിന്നു. സമൃദ്ധമായ കേശഭാരം, കുലച്ച വില്ല്, മനോഹരമായ കണ്ണുകൾ. നാലുപാടും വീക്ഷിച്ചു കൊണ്ട് യാഗസംരക്ഷകനായി നിൽക്കുകയാണ് ശ്രീരാമൻ.
കാളമേഘത്തിന്റെ നിറമൊത്ത സ്വർണകിരീടവും കുണ്ഡലവുമണിഞ്ഞ ഞാൻ ആശ്രമസമീപം രാമനെ കണ്ടു. വരബലങ്ങളിൽ ഗർവ്വിഷ്ഠനായിരുന്നു ഞാൻ. എല്ലാ ആയുധങ്ങളും കൈവശമുണ്ടായിരുന്നതിനാൽ കേവലം ബാലനായ രാമനോട് പുച്ഛമാണ് തോന്നിയത്. നിസാരനായ ഈ കുട്ടി എങ്ങനെ ബലവാനായ എനിക്ക് എതിരാളിയാകും എന്നായിരുന്നു ചിന്ത.
അതിഭീകരവേഷവും ഭാവവുമായിരുന്നു എനിക്ക്. അതുകാണുമ്പോൾ രാമൻ പേടിച്ച് വിറയ്ക്കുമെന്നാണ് ഞാൻ കണക്കുകൂട്ടിയത്. എന്നാൽ പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഒരു മൃദുമന്ദഹാസമായിരുന്നു ആ മുഖത്ത്. ശത്രുസംഹാരകശക്തിയുള്ള ഒരു അസ്ത്രം കുട്ടിക്കളിപോലെ എന്റെ നേർക്ക് തൊടുത്തുവിട്ടു. അതുവന്നുതട്ടി ബഹുദൂരസാഗരമദ്ധ്യത്തിൽ ഞാൻ ചെന്നുവീണു. എന്നെ നിഗ്രഹിക്കേണ്ട എന്ന് കരുതിയാകാം രക്ഷിച്ചത്. രാമബാണക്കാറ്റിന്റെ സ്പർശം മാത്രമേ എന്നിൽ ഏറ്റുള്ളൂ. എന്നിട്ടും നൂറുയോജനദൂരത്തിൽ കടലിൽ ഞാൻ പതിക്കുകയായിരുന്നു. ഏറെ നേരം കടലിൽ മുങ്ങിക്കിടന്നു. കഷ്ടിച്ച് എങ്ങനെയോ രക്ഷപ്പെട്ടു. ബോധം വീണ്ടു കിട്ടിയപ്പോൾ കണ്ടത് ലങ്കയെ. എന്റെ ജീവൻ അങ്ങനെ സംരക്ഷിച്ചതും രാമൻ. അനേകായിരം രാക്ഷസപ്പടയെ ഒന്നിച്ച് നിഗ്രഹിച്ചതും അതേ രാമൻ.
അസ്ത്രാഭ്യാസം പൂർത്തീകരിക്കുക പോലും ചെയ്യാത്ത രാമൻ ഒരു ആയാസവുമില്ലാതെയാണ് ഇതൊക്കെ ചെയ്തത്. അതിനാൽ രാമനോട് കലഹിക്കരുത്. അതു നിന്റെ നാശത്തിന് കാരണമാകും. ജീവിതസുഖങ്ങൾ ആസ്വദിച്ചു കഴിയുന്ന നമ്മുടെ വംശത്തെ അങ്ങ് നശിപ്പിക്കരുത്. ഐശ്വര്യപൂർണമായ ലങ്കാനഗരം സീതകാരണം നശിക്കേണ്ടിവരരുത്.
ഉഗ്രൻ സർപ്പങ്ങൾ വാഴുന്നകയത്തിൽ മത്സ്യങ്ങൾ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും! ദുഷ്ടസംസർഗം കൊണ്ട് സജ്ജനങ്ങളുടെ അവസ്ഥയും അതുപോലെയാണ്. ഇപ്പോൾ ദിവ്യമായ ചന്ദനച്ചാറ് പൂശി സ്വർണാഭരണങ്ങളണിഞ്ഞ് ആനന്ദജീവിതം നയിക്കുകയാണ് രാക്ഷസന്മാർ. അവരെല്ലാം ജീവനറ്റ് തറയിൽ കിടക്കുന്നത് അങ്ങയ്ക്ക് കാണേണ്ടിവരും. ചിലർ ഭാര്യമാർക്കൊപ്പവും മറ്റു ചിലർ ഭാര്യമാരെ വേർപിരിഞ്ഞും നാലുപാടുമോടുന്ന ദൃശ്യം എത്ര ദയനീയമായിരിക്കും. അനാഥരായ അസുരന്മാരുടെ വിലാപവും കൂരമ്പുകൾ ഇടതൂർന്ന് അഗ്നിയാളുന്നതും കണ്ടും കേട്ടും നിൽക്കേണ്ടിവരും. എല്ലാവരെയും രക്ഷിക്കേണ്ട അങ്ങ് ആരെയും രക്ഷിക്കാനാകാതെ നിസ്സഹായനായി തീരും.
അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് മഹാപാപമാണ്. അങ്ങയ്ക്ക് ആയിരണക്കണക്കിന് ഭാര്യമാരുണ്ട്. സ്വന്തം ഭാര്യമാരിൽ സന്തുഷ്ടനാകൂ. അങ്ങനെയായാൽ സ്വന്തം വംശത്തെ രക്ഷിക്കാം. നാടിന്റെ മാനവും ഐശ്വര്യവും കാത്തുരക്ഷിക്കാം. സ്വന്തം ഭാര്യമാരോടും സുഹൃത്തുക്കളോടും വസിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തെറ്റ് ചെയ്യാതിരിക്കണം. രാമനോട് ഇടയരുത്. എന്റെ വാക്കുകൾ ധിക്കരിച്ച് സീതയെ അപഹരിച്ചാൽ രാമൻ ബന്ധുമിത്രാദികളോടും പുത്രന്മാരോടുമൊപ്പം അങ്ങയെ കാലപുരിയിലേക്ക് അയക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പലതും പറഞ്ഞ് രാവണന്റെ മനസ് മാറ്റി നല്ല മാർഗത്തിലേക്ക് നയിക്കാനാണ് മാരീചൻ വീണ്ടും വീണ്ടും ശ്രമിക്കുന്നത്.
(ഫോൺ: 9946108220)