
തീരെ അവശനും മരണാസന്നനുമായ ആ രോഗിയുടെ കിടക്കയ്ക്കരികിൽ ചെന്ന് നഴ്സ് പറഞ്ഞു:
''വിഷമിക്കേണ്ട ദാ മകൻ വന്നിട്ടുണ്ട്.""
ശ്വാസതടസവും നെഞ്ചുവേദനയും മറ്റ് അസ്വാസ്ഥ്യങ്ങളുമായി വന്ന ആ രോഗി അർദ്ധബോധാവസ്ഥയിലായിരുന്നു. അയാൾ നഴ്സിന്റെ വാക്കുകൾകേട്ട് കണ്ണുതുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വേദനയ്ക്ക് കൊടുത്ത മരുന്ന് മയക്കമുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ട് വളരെ പാടുപെട്ട് അയാൾ കൺപോളകൾ തുറന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തന്റെ കിടക്കയ്ക്കരികിൽ ആരോ ഒരാൾ നിൽക്കുന്നതായി അവ്യക്തമായി അയാൾ കണ്ടു. നഴ്സ് മകൻ വന്നു എന്നു പറഞ്ഞതിനാൽ മകൻ ആണെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. ഓക്സിജൻ സിലിണ്ടറിൽ നിന്നും ആ മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള പ്രാണശക്തി അകത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. ദുർബലമായ കൈകൾ വളരെ പാടുപെട്ട് അദ്ദേഹം മകന്റെ നേരെ നീട്ടാൻ ശ്രമിച്ചു. അത് മനസിലാക്കിയ ആ ചെറുപ്പക്കാരൻ കട്ടിലിന്റെ ഓരത്തിരുന്ന് ആ മനുഷ്യന്റെ കരം ഗ്രഹിച്ചു. അതിൽ സ്നേഹത്തോടെ തലോടി.
ഇതുകണ്ട് ആ നഴ്സ് അയാൾക്ക് അച്ഛന്റെ അരികിൽ ഇരിക്കാൻ ഒരു കസേര കൊണ്ടുവന്നു കൊടുത്തു. ശ്വാസതടസംമൂലം വിഷമിക്കുന്ന രോഗിയുടെ നെഞ്ച് ആ യുവാവ് തലോടിക്കൊണ്ടിരുന്നു. ആ രാത്രി മുഴുവനും അർദ്ധമയക്കത്തിലായിരുന്ന ആ വൃദ്ധനെ ശുശ്രൂഷിച്ചുകൊണ്ട് അയാളുടെ നെറ്റിയിലും കൈയിലും തലോടിക്കൊണ്ട് ആ മങ്ങിയ വെളിച്ചമുള്ള ആശുപത്രിവാർഡിൽ അയാൾ ക്ഷമയോടെ ഉറക്കമിളച്ചിരുന്നു. അസ്വസ്ഥതയുടെയോ അസ്വാരസ്യത്തിന്റെയോ നേരിയ ലാഞ്ചന പോലും അയാളുടെ മുഖത്തുണ്ടായിരുന്നില്ല.
അച്ഛനെ നിരന്തരം ശുശ്രൂഷിച്ചുകൊണ്ട് ഉറക്കമിളച്ചിരിക്കുന്ന ആ മകനോട് ആ വാർഡ് സിസ്റ്റർക്ക് വലിയ ആദരവ് തോന്നി. കുറച്ചുനേരം പോയി വിശ്രമിച്ചു കൊള്ളൂ. ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ? അവർ പറഞ്ഞു.
'' വേണ്ട സിസ്റ്റർ, ഞാൻ ഇവിടെ ഇരുന്നുകൊള്ളാം.""
ആ മരണാസന്നനായ വൃദ്ധന്റെ കൈകളിലും നെറ്റിയിലും തലോടിക്കൊണ്ട് അയാൾ ആ ആശുപത്രിവാർഡിൽ ഉറക്കമിളച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ കൂട്ടുമുട്ടുന്നതിന്റെയും നഴ്സുമാരുടെയും മറ്റു സഹായികളുടെയും കാൽപ്പെരുമാറ്റത്തിന്റെയും തുരുമ്പുപിടിച്ച സീലിംഗ്ഫാൻ കറങ്ങുന്നതിന്റെയും വേദനകൊണ്ട് രോഗികൾ ഞരങ്ങുന്നതിന്റെയും ശബ്ദം മാത്രമാണ് അവിടെയുണ്ടായിരുന്നത്.
ഇടയ്ക്ക് എപ്പോഴോ ആ മനുഷ്യൻ കണ്ണുതുറന്നു. എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തുവന്നില്ല, തന്റെ അരികിൽ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്റെ കൈയിൽ അദ്ദേഹം ബലമായി പിടിച്ചു. ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നതുപോലെ തോന്നി. ശ്വാസഗതി ഉച്ചസ്ഥായിയിലെത്തി. പക്ഷേ പെട്ടെന്ന് ആ ശ്വാസച്ഛ്വാസം നിലച്ചു. ചെറുപ്പക്കാരന്റെ കൈയിലെ പിടി അയഞ്ഞു. തണുപ്പ് ശരീരത്തിന്റെ ഞരമ്പുകളിലേക്ക് അരിച്ചുകയറി. ആ യുവാവ് വൃദ്ധന്റെ പൾസ് നോക്കി. കഴിഞ്ഞു! എല്ലാം കഴിഞ്ഞു. മരണമാണ് തണുപ്പായി ആ മനുഷ്യന്റെ സിരകളിൽ കയറിപ്പറ്റിയത് എന്ന ആ ചെറുപ്പക്കാരന് മനസിലായി.
അയാൾ വാർഡ് നഴ്സിനെ വിളിച്ചുവിവരം പറഞ്ഞു. അവർ ഉടനെ തന്നെ ശവശരീരം കൊടുത്തയക്കാനുള്ള ഒരുക്കങ്ങൾ ചെയ്തു. അവർ ആ ചെറുപ്പക്കാരന്റെ തോളിൽത്തട്ടി സാന്ത്വന വാക്കുകൾ പറഞ്ഞു.
അയാൾ ചോദിച്ചു:
'' ആരാണീ മനുഷ്യൻ? എവിടെയുള്ള ആളാണ്?""
നഴ്സ് ഇതുകേട്ട് ഞെട്ടിപ്പോയി.
'' നിങ്ങൾ എന്താണ് ചോദിക്കുന്നത്? അത് നിങ്ങളുടെ അച്ഛനല്ലേ?""
'' ഹേയ് അല്ല. എന്റെ അച്ഛനല്ല. ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്.""
'' പിന്നെന്തു കൊണ്ടാണ്, ഇദ്ദേഹത്തെ ശുശ്രൂഷിക്കാൻ വേണ്ടി താങ്കൾ തയ്യാറായത്.""
'' നിങ്ങൾ ആ രോഗിയുടെ മകനാണ് എന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹത്തെ നോക്കാൻ എന്നെ ഏല്പിച്ചത് എന്ന് എനിക്ക് അപ്പോൾതന്നെ മനസിലായിരുന്നു. പക്ഷേ മകനല്ല എന്നു ഞാൻ പറയാതിരുന്നത് ഈ വൃദ്ധന് ഒരു മകന്റെ സാന്നിദ്ധ്യം ആ സമയത്ത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയതിനാലാണ്.""
'' ഞാൻ മകനാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിവുള്ള അവസ്ഥയിലായിരുന്നില്ല അദ്ദേഹം. അന്ത്യനിമിഷത്തിൽ മകൻ അടുത്തുണ്ട് എന്ന സമാധാനത്തിൽ ഈ മനുഷ്യൻ സംതൃപ്തിയോടെ മരിക്കട്ടെ എന്നു ഞാൻ കരുതി. അതുകൊണ്ടാണ് ഞാൻ ഇവിടെ ഇരുന്നത്. ഈ വന്ദ്യവയോധികൻ ആരെന്ന് എനിക്കറിയില്ല സിസ്റ്റർ!""
ആ നഴ്സിന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു. അവർ ആ ചെറുപ്പക്കാരന് നേരെ കൈകൂപ്പി. ആ കൈകൂപ്പലിലും കണ്ണീരിലും എല്ലാമുണ്ടായിരുന്നു. സഹായം ആവശ്യമുള്ളത് ആരെന്ന് നോക്കിയല്ല അത് നൽകേണ്ടത്. ആവശ്യമുള്ളപ്പോൾ ആവശ്യക്കാർക്ക് നിരുപാധികമായി അത് നൽകാൻ കഴിയുന്നതാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഗോൾഡ് സ്റ്റാൻഡേർഡ്. പക്ഷേ അത് സ്വായത്തമാക്കുക എന്നത് തീരെ ചെറിയ കാര്യമല്ല, നമുക്ക് അതിലേക്ക് ശ്രമിക്കുകയെങ്കിലും ചെയ്യാം.