covid-vaccination-

തിരുവനന്തപുരം: കൊവിഡ് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിൻ എടുത്തവർക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം ആണെന്ന് പഠനങ്ങൾ. കൊവിഡാനന്തര ലക്ഷണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായവരെക്കാൾ യുവാക്കളെ ആണെന്നും പഠനത്തിൽ തെളിഞ്ഞു. അതേസമയം, 90 ശതമാനം കേസുകളിലും ലക്ഷണങ്ങൾ ആരോഗ്യ വിദഗ്ദ്ധർ വിചാരിച്ചിരുന്നതിലും ലഘുവാണെന്നും സർവേയിൽ കണ്ടെത്തി. കേരളത്തിൽ ഇതുവരെ 3.26 ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് നൽകിയത്.

വാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. 5,396 ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പഠനത്തിൽ 66 ശതമാനം പേർക്കും വാക്‌സിൻ സ്വീകരിച്ച ശേഷം ക്ഷീണം അടക്കമുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്. വാക്‌സിനെടുത്ത 45 ശതമാനം പേർക്കാണ് ക്ഷീണം ഉണ്ടായത്. 44 ശതമാനം പേർക്ക് പേശിവേദന, 34 ശതമാനം പേർക്ക് പനി, 28 ശതമാനം പേർക്ക് തലവേദന എന്നിവ ഉണ്ടായതായി സർവേയിൽ വെളിപ്പെട്ടു. 27 ശതമാനം പേർക്ക് കുത്തിവയ്‌പ് എടുത്ത സ്ഥലത്ത് വേദന അനുഭവപ്പെട്ടു. 12 ശതമാനം പേർക്ക് സന്ധിവേദന, എട്ട് ശതമാനം പേർക്ക് ഛർദ്ദി, മൂന്ന് ശതമാനം പേർക്ക് വയറിളക്കം എന്നിവയും ഉണ്ടായതായി കണ്ടെത്തി. അതേസമയം, ഈ ലക്ഷണങ്ങൾ എല്ലാം തന്നെ 24 മുതൽ 48 മണിക്കൂർ വരെ മാത്രമെ നീണ്ടു നിൽക്കുന്നുള്ളൂ.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കാണ് വാക്‌സിൻ എടുത്തതിന് ശേഷം ഏറ്റവും കൂടുതൽ ലക്ഷണങ്ങൾ ഉണ്ടായതെന്നും പഠനത്തിൽ തെളിഞ്ഞു. സർവേയിൽ പങ്കെടുത്ത 75 ശതമാനം സ്ത്രീകളും തങ്ങൾക്ക് വാക്‌സിൻ അനന്തര ലക്ഷണങ്ങൾ ഉണ്ടായതായി വെളിപ്പെടുത്തി. വാക്‌‌സിൻ സ്വീകരിച്ച ശേഷം പലർക്കും അടുത്ത ദിവസം ജോലിക്ക് പോകാൻ പോലും കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ 59 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് വാക്‌സിൻ എടുത്തതിന് ശേഷം ലക്ഷണങ്ങൾ പ്രകടമായത്. അതേസമയം,​ കേരളത്തിൽ 11.6 ശതമാനം പേർക്ക് കൊവിഡ് വന്നുപോയതായി അടുത്തിടെ ഐ.സി.എം.ആർ നടത്തിയ സിറോ സർവേയിൽ കണ്ടെത്തിയിരുന്നു. ഇത് ദേശീയ ശരാശരിയെക്കാൾ കുറവാണ്. കഴിഞ്ഞ വർഷം മേയ്, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവർ ദേശീയ ശരാശരിയേക്കാൾ പകുതി മാത്രമാണ്. ദേശീയ തലത്തിൽ 21 ശതമാനം പേരിൽ രോഗം വന്നു പോയപ്പോൾ കേരളത്തിൽ ഇത് 11.6 ശതമാനം മാത്രമാണ്. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സിറോ സർവയലൻസ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. മേയിൽ നടന്ന ഒന്നാം ഘട്ട പഠനത്തിൽ കേരളത്തിൽ 0.33 ശതമാനം പേർക്ക് കൊവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റിൽ നടന്ന രണ്ടാം ഘട്ട പഠനത്തിൽ കേരളത്തിൽ 0.8 ശതമാനം പേർക്ക് കൊവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു