
''ആ കുട്ടി ""
സുമിയോട് സംസാരിക്കുമ്പോൾ ഡെയ്സി സംശയം പ്രകടിപ്പിച്ചു.
''ഒരു കടങ്കഥപോലെ. ""
സുമി മൂളി. അവളുടെയുള്ളിൽ കടലിരമ്പുകയായിരുന്നു. വിശ്വനാഥിനോട് വിവരം പങ്കിടുമ്പോഴും അവളിൽ പരിഭ്രമം നിറഞ്ഞിരുന്നു.
'' വേലക്കാരി അങ്ങനെ തന്നെയാ, ഒരു വീട് വിട്ടാൽ വേറൊരു വീട്...അവർക്ക് ജീവിക്കണ്ടേ?""
അയാൾ നിസാരമായി തള്ളിക്കളഞ്ഞു.
'' ഇതങ്ങനെയല്ല.""
'' പിന്നെ?""
'' എല്ലാം ബന്ധിക്കുന്ന ഒരു ചരടുണ്ട്, മാജിക്കിന്റെ ചരട്.""
അയാൾ പൊട്ടിച്ചിരിച്ചു.
'' മാജിക്, ജാലവിദ്യ, കൺകെട്ട് വിദ്യ. കുട്ടിക്കാലത്ത് നമ്മൾ വഴിയോരങ്ങളിൽ കണ്ടുതുടങ്ങിയതല്ലേ?""
അടുത്ത നിമിഷത്തിൽ അയാളുടെ കൈകൾ അവളുടെ കണ്ണുപൊത്തി. അയാൾ പിറുപിറുത്തു. കൺകെട്ട്...കണകെട്ട്... അവളിൽ നിന്ന് പ്രത്യേകമായ ഒരു മണം പ്രസരിക്കുന്നതായി അനുഭവപ്പെട്ടു. കഴിഞ്ഞ ഒരുദിവസം അറിഞ്ഞ അതേ മണം. ആ മണത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഒരു മാജിക്കിലെന്നപോലെ അവൾ അകന്നുപോയി. ഇന്ന് അത് പറയുന്നില്ല. ശ്വസിക്കാം. നുകരാം, ചേർത്തുപിടിക്കാം. അവൾ പിടഞ്ഞുമാറിയില്ല. അയാളുടെ ദാഹം നിരാകരിച്ചില്ല. ഈ ദാഹത്തിന് വേണ്ടി കാത്തിരുന്ന രാത്രികളെക്കുറിച്ച് ഓർത്തു. വിശ്വനാഥൻ ഇപ്പോൾ ഒരു നല്ല ഭർത്താവായി മാറിയിരിക്കുന്നു. ഊർജമുള്ള പുരുഷൻ. പ്രണയവും കാമവുമുള്ള കരുത്തൻ. ആ ശക്തിയിൽ അമരാൻ അവൾക്ക് തിടുക്കമായി, മറ്റു ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ വിഹ്വലതകളെ ആട്ടിയോടിക്കാൻ ഈ മുറുക്കം വേണം. തളർച്ചവേണം. അവൾ ശബ്ദമില്ലാതെ സംസാരിച്ചു. അക്ഷരങ്ങളില്ലാതെ സംവദിച്ചു. അയാൾ ഉറങ്ങിക്കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല. രതിയുടെ ചൂടും തണുപ്പും വിട്ടകന്നപ്പോൾ ഒരുനിഴൽ മുറിയിൽ വളർന്നു. ശബരി, പരിസരമാകെ അയാളുടെ ഛായ. തന്റെ മേനിയുടെ സുഗന്ധമാസ്വദിക്കാൻ ഒരിക്കൽ ചോദിച്ചതുപോലെ
''ഏതു പൂവിന്റെ മണമാണെന്നറിയാൻ അയാൾ... തീക്കാറ്റുപോലെ അർദ്ധനഗ്നയായ അവൾ ധൃതിയിൽ വസ്ത്രം ധരിച്ചു. കാഴ്ച നൽകാതിരിക്കാൻ ആർത്തിക്കണ്ണുകളെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാൻ. അപ്പോൾ അവളുടെയുള്ളിലേക്ക് കുറേ ചിത്രങ്ങൾ കടന്നുവന്നു. ഒരു പെണ്ണിന്റെ മേനിയിൽ ഭർത്താവിനുള്ള അവകാശം, മോഹം... അവളുടെ ശരീരം താലോലിക്കാനുള്ള കാമുകന്റെ വിരൽവിരുത്...അധരച്ചൂട് അന്യനായ പുരുഷന്റെ പെണ്ണിനോടുള്ള കൊതി. മൂന്നാമത്തെ വകഭേദത്തിൽ ശബരി, ദാഹക്കണ്ണുകളുമായി തൊടാൻ വെമ്പുന്ന ഭ്രാന്തിന്റെ ആവേശം. ഈ അപാർട്മെന്റ് കോംപ്ലക്സിലെ കഴുകൻ. ആ ദൃശ്യം അവളെ വേട്ടയാടി, പുലരുവോളം.
*************
ദർബാർ ഹോട്ടലിൽ സംഘടിപ്പിച്ച മാജിക് ഷോ വിജയമായിരുന്നു. ശബരിയുടെയും കവിതയുടെയും അടുത്ത സുഹൃത്തുക്കളായിരുന്നു കാണികൾ. കൂടെ ശബരിയുടെ ബിസിനസും വീട് ഡിസൈനിംഗുമായി ബന്ധപ്പെട്ട ചിലരും. എല്ലാവരും അഭിനന്ദിച്ചു. ശബരിക്ക് ഇങ്ങനെയൊരു വിദ്യ സമർത്ഥമായി അവതരിപ്പിക്കാനുള്ള ത്രാണിയുണ്ടെന്ന് ആരും കരുതിയിരുന്നില്ല. മാത്രമല്ല, കവിതയും ഷോയിൽ പങ്കാളിയാവുമെന്ന് പ്രതീക്ഷിച്ചതല്ല. ശ്യാമളയേയും കാണികൾക്ക് നന്നേ ഇഷ്ടമായി. നിറപ്പകിട്ടുള്ള തിളങ്ങുന്ന വസ്ത്രമണിഞ്ഞ് അവൾ രാജകുമാരിയായി. പഴങ്കഥയിലെ പറക്കും തളികയിൽ നിന്ന് പറന്നെത്തിയ സുന്ദരി. പണ്ട് പഠിക്കാൻ തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചുപോയ നൃത്തപഠനത്തിൽ നേടിയ ചുവടുകൾ അവൾ വീണ്ടും പ്രയോഗിച്ചു. ഷോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കവിത പറഞ്ഞു.
'' നിന്റെ സുമിചേച്ചിയും ഭർത്താവും വന്നില്ല""
'' അവൾ വരുമെന്ന് നീ വിചാരിച്ചോ?""
ശബരി പരിഹസിച്ചു.
സുമിയുടെ ഒപ്പമായിരുന്നെങ്കിൽ തനിക്കൊരിക്കലും ഈ പ്രഭ ലഭിക്കുമായിരുന്നില്ല. ഇവിടെ ചിത്രം മാറി. ഒരു മാജിക് ബുക്ക് സൂക്ഷിക്കാൻ അവകാശമില്ലാത്തിടത്തുനിന്ന് ജാലവിദ്യയുടെ പ്രകാശമുള്ള ലോകത്തേക്ക്... ആ മാറ്റം അവളെ ആഹ്ലാദിപ്പിച്ചു.
പിറ്റേന്ന് വിശ്വനാഥൻ ഓഫീസിൽ പോയിക്കഴിഞ്ഞപ്പോഴാണ് സുമി സൂപ്പർമാർക്കറ്റിൽ പോവാൻ നിശ്ചയിച്ചത്. അത്യാവശ്യം ചില സാധനങ്ങൾ വാങ്ങണം. വെളിച്ചെണ്ണ, അലക്ക് സോപ്പ് പൗഡർ...അവൾ വേഷം മാറി ലിഫ്ടിൽ കയറുമ്പോൾ ശബരി ഓടിവന്ന് കയറി. അയാൾ പതുങ്ങിനിന്ന് അവൾ കയറുന്നത് ശ്രദ്ധിക്കുകയായിരുന്നെന്ന് തോന്നി.
'' ഇന്നലെ വന്നില്ല?""
അയാൾ സുമിയോട് പരിഭവത്തോടെ ചോദിച്ചു.
'' എവിടെ?""
'' മറന്നോ, എന്റെ മാജിക് ഷോ ഇന്നലെയായിരുന്നു.""
സത്യത്തിൽ സുമി മറന്നുപോയിരുന്നു. അല്ലെങ്കിൽതന്നെ പ്രാധാന്യമുള്ള വിശേഷമായി അവളത് ഓർമ്മയിൽ സൂക്ഷിച്ചിരുന്നില്ല. ശബരിയും കവിതയും അവളുടെ ജീവിതത്തിൽ ആരുമല്ലല്ലോ. ശബരിയെ ആദ്യകാഴ്ചമുതൽ തന്നെ അവൾ വെറുത്തിരുന്നു. കവിതയാകട്ടെ നല്ല ചങ്ങാതിയാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും കണക്ക് തെറ്റി.
''ശ്യാമളയുണ്ടായിരുന്നു ""
അവൾ താല്പര്യരഹിതമായി മുഖം തിരിച്ചു.
'' കാണാനല്ല, കളിക്കാൻ""
അപ്പോഴും അവൾ ശ്രദ്ധ നടിച്ചില്ല.
''സുമിയെ ഞാൻ മാജിക് പഠിപ്പിക്കാം.""
അയാളുടെ ഔദാര്യം.
'' വേണ്ട""
പരുഷമായി അവൾ നിരസിച്ചു.
'' പക്ഷേ, എനിക്ക് വേണം""
അയാൾ കണ്ണിറുക്കി.
ഭാഗ്യത്തിന് അപ്പോൾ ലിഫ്ട് ചുവട്ടിലെത്തി വാതിൽ തുറന്നു. അവൾ തിടുക്കത്തിൽ പുറത്തിറങ്ങുന്നതിനിടയിൽ അയാളുടെ ദേഹത്ത് മുട്ടി. ആ സ്പർശം അയാളാസ്വദിച്ചു. അയാൾ കാർപാർക്കിംഗിലേക്ക് നടന്നു. അവൾ പുറത്തേക്കും. കുരുപ്പ് ഗേറ്റിനരികിലുണ്ടായിരുന്നു.
'' മാഡം ""
അയാൾ അടുത്തുവന്നു.
'' എന്നോട് ദേഷ്യമായോ?""
ഇല്ലെന്നവൾ തലയാട്ടി.
'' ആ പെണ്ണ് ശരിയല്ല അതാണ് ഞാൻ.""
'' എങ്കിലും അവൾ ഈ ഫ്ലാറ്റിൽ തന്നെയുണ്ടല്ലോ.""
''എനിക്കൊന്നും ചെയ്യാൻ പറ്റില്ല. അതെന്റെ കാര്യവുമല്ല.""
അവൾ പാതയിലേക്കിറങ്ങുമ്പോൾ പിന്നിൽ കാറിന്റെ ഹോൺ. അവൾ തിരിഞ്ഞുനോക്കി. ശബരിയായിരുന്നു അത്.
'' എവിടെ പോകുന്നു, ഞാൻ ട്രോപ്പ് ചെയ്യാം.""
ഒരു നാണവുമില്ലാതെ അയാൾ ക്ഷണിച്ചു. ഒരിക്കൽ അയാളുടെ കാറിൽ നിന്നിറങ്ങിപ്പോന്നവളാണ് താൻ എന്നുള്ളത് മറന്നതുപോലെ. തിരിഞ്ഞുനോക്കാതെ അയാളിൽ നിന്ന് രക്ഷപ്പെടാനെന്നോണം അവളോടി. സൂപ്പർസ്റ്റോറിനുള്ളിൽ കയറിനിന്ന് കിതച്ചു. എന്താണ് വാങ്ങേണ്ടതെന്ന് മറന്നു. എന്തോ ഒക്കെ വലിച്ചെടുത്ത് ബിൽ ചെയ്ത് അവൾ പുറത്തിറങ്ങി. വൈകുന്നേരം വിശ്വനാഥൻ ഫോൺ ചെയ്തു. വരാൻ വൈകുമെന്നറിയിച്ചു. തൊട്ടുപിറകേ സുപർണയുടെ വിളി. അനിയത്തിയോട് സുമി ക്ഷുഭിതയായി.
''നിന്റെ വാടകക്കാരൻ, അയാളെന്നെ കൊല്ലും.""
സുപർണയ്ക്കൊന്നും മനസിലായില്ല. വേവലാതി നിറഞ്ഞ അവളുടെ സംശയങ്ങൾക്ക് സുമി മറുപടി നൽകിയതുമില്ല. അരണ്ട വെളിച്ചത്തിൽ സോഫയിൽ ചാരിക്കിടന്ന് ഫോണിൽ പാട്ട് കേൾക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്. നീരസത്തോടെ കതക് തുറന്നപ്പോൾ മുന്നിൽ ശ്യാമള.
'' എന്താ?""
ഒട്ടും മയമില്ലാതെ സുമി ചോദിച്ചു.
'' എനിക്ക് ആ ബുക്ക് തരുമോ? മാജിക്ക്-""
''പോടീ""
ഒട്ടും മര്യാദയില്ലാതെ സുമി ചീറി. വാതിൽ വലിച്ചടച്ചു.സോഫയുടെ പിന്നിൽ പത്രങ്ങൾ വയ്ക്കുന്ന ചെറിയ അലമാരയുടെ കീഴിൽ ആ ബുക്കുണ്ടായിരുന്നു.എവിടേയ്ക്കെങ്കിലും വലിച്ചെറിയണം. അല്ലെങ്കിൽ കത്തിച്ചുകളയണം. വെറുപ്പോടെ അവൾ പുസ്തകമെടുത്തു. പെട്ടെന്ന് കൈയിൽ നിന്ന് പുസ്തകം വഴുതിവീണു. ആ വീഴ്ചയുടെ ശബ്ദത്തിൽ നിന്ന് മറ്റൊരു സ്വരമുതിർന്നു. ഇളം ചിരി. പിന്നെയൊരു രൂപം. അത് ശബരിയായിരുന്നു. ഞെട്ടലോടെ രക്ഷപ്പെടാൻ പഴുതുനോക്കുന്ന അവളെ അയാൾ ചേർത്തുപിടിച്ചു.
''ഈ മണം... ""
അയാൾ പിറുപിറുത്തു.
'' ഭ്രാന്തനാക്കുന്ന മണം...""
അയാളുടെ കരുത്തിൽ പിടഞ്ഞ അവൾ നിലവിളിച്ചു. ആ വിളി അവളല്ലാതെ മറ്റാരും കേട്ടില്ല. വൈകിയെത്തിയ വിശ്വനാഥൻ പലവട്ടം ഡോർബെൽ ശബ്ദിപ്പിച്ചു. സുമി വാതിൽ തുറന്നുവന്നില്ല. ഭയാശങ്കകളുടെ മരവിപ്പിൽ അയാൾ വിറച്ചു. അപ്പോഴും സുമിയുടെ മേനിയിലെ നറുമണം ചുറ്റിപ്പടരുന്നുണ്ടായിരുന്നു.
(അവസാനിച്ചു)