
കോട്ടയം: ഇടതുമുന്നണിയോട് ഇടഞ്ഞ് നിൽക്കുന്ന എൻ സി പി നേതാവ് മാണി സി കാപ്പനെ സ്വാഗതം ചെയ്‌ത് കോൺഗ്രസ് ഹൈക്കമാൻഡ്. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ കാപ്പനെ കോൺഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായിൽ അദ്ദേഹം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കോൺഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മാണി സി കാപ്പൻ മാത്രമാണോ അതോ എൻ സി പി ഒന്നാകെ യു ഡി എഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. എന്തായാലും ശശീന്ദ്രൻ പക്ഷം യു ഡി എഫിലേക്ക് ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ശരത് പവാറിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. എൻ സി പി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയനേതൃത്വം ഇതുവരെ കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പാലായടക്കം സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് എൽ ഡി എഫിൽ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പൻ ശരത് പവാറിനോട് വ്യക്തമാക്കിയിട്ടുണ്ട്.
യു ഡി എഫ് പ്രവേശനത്തോട് അനുകൂലമായ സമീപനമാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്റർക്കുമുളളത്. എന്നാൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തൽ ശരത് പവാറിനുണ്ട്. മുന്നണി വിടുന്നതിൽ പച്ചക്കൊടി കാണിക്കാൻ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നതും ഈ സാദ്ധ്യതയാണ്. എന്നാൽ സിറ്റിംഗ് സീറ്റ് നഷ്‌ടപ്പെടുത്തി ഇടതുമുന്നണിയിൽ തുടരുന്നതിനോട് പവാറിന് താത്പര്യമില്ല.