
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റുമായി സംഭാഷണത്തിൽ ഏർപ്പെട്ട് ജോ ബൈഡൻ. സ്വതന്ത്രവും തുറന്നതുമായ ഇൻഡോ- പസഫിക് മേഖല പ്രധാനമാണെന്ന് ബൈഡനും പരസ്പര സംഘർഷം ദുരന്തമാകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സംഭാഷണത്തിനിടെ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ ഷി ബൈഡനെ അനുമോദിക്കുകയും ചെയ്തു. ഹോങ്കോംഗ് തായ്വാൻ വിഷയത്തിൽ ബൈഡൻ നടുക്കം രേഖപ്പെടുത്തി. സംഭാഷണത്തിന് മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ചൈനീസ് നയതന്ത്ര പ്രതിനിധി യാംഗ് ജീച്ചിയും തമ്മിൽ ബന്ധപ്പെട്ടിരുന്നു. നേരത്തെ മൈക് പെൻസുമായും യാംഗ് സംഭാഷണം നടത്തിയിരുന്നു.കഴിഞ്ഞ വർഷം മാർച്ചിൽ ഡൊണൾഡ് ട്രംപും ഷിയും തമ്മിലാണ് അവസാനമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നേതൃതല സംഭാഷണം നടന്നത്.
പ്രതീക്ഷയിൽ ചൈന
അതേസമയം, ചൈനയ്ക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് നടപ്പിലാക്കിയ നയങ്ങൾ തന്നെ ബൈഡനും പിന്തുടരുമെന്നാണ് വിവരം. ട്രംപ് കടുത്ത ചൈന വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പ്രചാരണ കാലയളവിൽ ഷിയെ തെമ്മാടിയെന്ന് ബൈഡൻ വിളിച്ചത് വാർത്തയായിരുന്നു. ചൈനയെ ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും രാജ്യാന്തര തലത്തിലെ ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുമെന്നും ബൈഡൻ അന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷവും ബൈഡൻ ഇത് ആവർത്തിച്ചിരുന്നു. നേരത്തെ, ട്രംപ് ഭരണകൂടം നടപ്പാക്കിയ ഇറക്കുമതി നിരോധനം എടുത്തുകളയില്ലെന്നും അധികൃതർ പറയുന്നു.എന്നിരുന്നാലും, ബൈഡന്റെ ഭരണത്തെ പ്രതീക്ഷയോടെയാണ് ചൈന കാണുന്നത്. ബൈഡൻ പ്രായോഗികമായി പ്രവർത്തിക്കുന്നയാളും യാഥാർത്ഥ്യ ബോധമുള്ള വ്യക്തിയുമാണെന്ന് ചൈനീസ് വക്താവ് പ്രത്യാശ പങ്കുവച്ചിരുന്നു.ഉയ്ഗൂർ മൂസ്ലിംങ്ങൾക്കെതിരെ നടത്തുന്ന വംശഹത്യയുടെ പേരിൽ ചൈനയ്ക്കെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. ദക്ഷിണ ചൈന കടലിൽ കൂടുതൽ ശക്തിപ്പെടുത്തിയ ചൈനീസ് സൈനിക സംവിധാനങ്ങൾക്കെതിരെയും വ്യാപക വിമർശനമുണ്ട്. ഈ കടലിലെ പല കൊച്ചുദ്വീപുകളും ചൈന പൂർണമായി സൈനികവത്കരിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
.