blacky

തപോവൻ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ പുരോഗമിക്കവെ, നൊമ്പരക്കാഴ്ചയായി മാറുകയാണ് ബ്ളാക്കി എന്ന നായ.

ഹിമാലയത്തിൽ കണ്ടുവരുന്ന ഭൂട്ടിയ ഇനത്തിൽപ്പെട്ട തെരുവുനായയാണിത്. രക്ഷാപ്രവർത്തനം നാലാംദിവസത്തിലേക്ക് കടക്കവെ, കഴിഞ്ഞ മൂന്ന് ദിവസമായി രാവും പകലും ഒരൊറ്റ നില്പാണ് രണ്ടുവയസുകാരനായ ഈ നായ. തനിക്ക് ദിനവും ഭക്ഷണം തന്നവരിലാരെങ്കിലും ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് ബ്ളാക്കിയുടെ ഈ കാത്തിരിപ്പ്.

തപോവൻ ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് ബ്ളാക്കി ജനിച്ചത്. രാവിലെ അണക്കെട്ട് പണിക്കെത്തുന്ന ജോലിക്കാരാണ് ബ്ളാക്കിക്ക് ഭക്ഷണം നല്കിയിരുന്നത്. ജോലിക്കാരുമായി നല്ല ഇണക്കത്തിലായിരുന്നു നായ.

ഞായറാഴ്ച അണക്കെട്ടിന് സമീപമുണ്ടായ ദുരന്തം ബ്ളാക്കിക്ക് ഉൾകൊള്ളാനായിട്ടില്ല. തനിക്ക് ചുറ്റും അപരിചിതരായ രക്ഷാപ്രവർത്തകർ നിൽക്കുമ്പോഴും പിൻമാറാൻ തയ്യാറാവാതെ ആരെയോ കാത്തുനിൽക്കുന്നത് പോലെ മുഖത്ത് ദൈന്യഭാവവുമായിട്ടാണ് നായയുടെ നിൽപ്പ്. തനിക്ക് പ്രിയപ്പെട്ടവർ ആരൊക്കെയോ ഈ മണ്ണിൽ കുടുങ്ങിയിരിക്കയാണെന്ന മട്ടിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നായയുടെ പെരുമാറ്റം. നിരവധി തവണ രക്ഷാപ്രവർത്തകർ നായയെ സംഭവ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും തിരികെയെത്തി ദുരന്തഭൂമിയിൽ നിലയുറപ്പിക്കുകയാണ് ബ്ളാക്കി.

അടുത്തിടെ മൂന്നാർ പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിലും ഒരു നായ ഇത്തരത്തിൽ ഒരിടത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് ഈ നായയെ കേരള പൊലീസിലെ നായ പരിശീലകൻ ഏറ്റെടുക്കുകയായിരുന്നു.