കൊവിഡിനെ മറന്ന അവസ്ഥയിലാണ് ജനം ഇപ്പോൾ, രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ എഴുപത് ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. മത്സരിച്ച് കേരളയാത്ര നടത്തി നാടിനെ ഇളക്കി മറിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ, കല്യാണവും മറ്റ് ചടങ്ങുകളും നടത്തി ജനവും ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നുണ്ട്, ഇതിന് പുറമേ സമരങ്ങളുടെ വേലിയേറ്റവും കൊവിഡ് ഭീഷണി ഉയർത്തുന്നു.

സർക്കാർ തലത്തിൽ നടത്തുന്ന അദാലത്തുകൾ ജനത്തിരക്കിന് കാരണമായി തീർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന കേരള പര്യടന യാത്രയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ യു ഡി എഫിന്റെ യാത്രയാണ് ആരംഭിച്ചിട്ടുള്ളത്. വരുന്ന ആഴ്ചയിൽ ബി ജെ പിയുടെയും എൽ ഡി എഫിന്റെയും യാത്ര ആരംഭിക്കും. പ്രതിപക്ഷ നേതാവിന്റെ ആഭിമുഖ്യത്തിൽ കാസർകോട്ട് നിന്നും ആരംഭിച്ച ഐശ്വര്യ കേരളയാത്രയിൽ യാതൊരു കൊവിഡ് മാനദണ്ഡവും പാലിക്കാതെയുള്ള ആൾക്കൂട്ടമാണ് ഉണ്ടായത്. പൊലീസ് യാത്രയുടെ ആദ്യ ഘട്ടത്തിൽ നാനൂറോളം പേർക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പിന്നീട് വിവാദമാവുമെന്ന് ഭയന്ന് അറസ്റ്റിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിയലായി മാസ്‌ക് പോലും ധരിക്കാതെ ജനം കൂട്ടമായെത്തുന്ന കാഴ്ച വീഡിയോയിൽ കാണാനാവും.

സമരങ്ങളുടെ കാര്യമാണ് ഇനി, സർക്കാരിനെതിരെ തിരഞ്ഞെടുപ്പ് അടുത്തതോടെ സമരവീര്യം കൂട്ടിയിരിക്കുകയാണ് പാർട്ടികൾ. കൊവിഡ് മാനദണ്ഡം മറന്ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുന്നവർ പലകുറിയാണ് പൊലീസുമായി ഏറ്റുമുട്ടിയത്. കൊവിഡിനെ മറന്നുകൊണ്ടുള്ള സമരം നയിക്കുന്നതിൽ ഒരു പാർട്ടിയുടെയും അണികൾ ജാഗ്രത പാലിക്കുന്നില്ല.

കൊവിഡ് ബാധ മിക്കയിടങ്ങളിലും വീണ്ടും വർദ്ധിക്കുകയാണ്. സെക്രട്ടേറിയറ്റിൽ പോലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു. വീണ്ടുമൊരു രണ്ടാം വ്യാപനത്തിന്റെ ഭീതിയിലാണ് കേരളത്തിൽ കൊവിഡ്. രോഗ ബാധിതരുടെ എണ്ണം എല്ലാ ജില്ലകളിലും ദിനം പ്രതി വർദ്ധിക്കുന്നുവെന്നത് ഇതിന്റെ സൂചനയായി കാണേണ്ടിവരും.

സർക്കാർ മാത്രം വിചാരിച്ചാൽ കൊവിഡിനെ പിടിച്ചുകെട്ടാനാവില്ല, ജനം ഒറ്റക്കെട്ടായി വിചാരിച്ചാൽ മാത്രമേ കൊവിഡിനെ നിയന്ത്രിക്കാനാവുകയുള്ളു. ഇപ്പോൾ ജനത്തിന്റെ പേരിൽ നടത്തുന്ന സമരങ്ങളും യാത്രകളും ജനത്തിനുവേണ്ടിയാണോ എന്ന് സ്വയം നമ്മൾ ആലോചിക്കേണ്ട ഒരു കാര്യമാണ്. എങ്കിൽ മാത്രമേ കൊവിഡ് വ്യാപനത്തെ പരിപൂർണമായി തടയാൻ കേരളത്തിനാവു.

covid-spread-in-kerala-

​​​​​