
റിയാദ്: വിനോദ സഞ്ചാര മേഖല കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ചെങ്കടലിൽ കോറൽ ബ്ലൂം റിസോർട്ട് പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശിയും ചെങ്കടൽ വികസന പദ്ധതിയുടെ അദ്ധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ കോറൽ ബ്ലൂം റെഡ് സീ പ്രൊജക്ടിന്റെ ഭാഗമാണ്. പദ്ധതിയുടെ ഡിസൈനുകൾ കിരീടാവകാശി പുറത്തിറക്കി. ലോകപ്രശസ്ത്ര ബ്രിട്ടീഷ് ആർക്കിടെക്ചറൽ ഡിസൈൻ കമ്പനിയായ ഫോസ്റ്റർ + പാർട്‌ണേഴ്‌സാണ് കോറൽ ബ്ലൂം രൂപകൽപ്പന ചെയ്തത്.
ലോകോത്തര പദ്ധതി
ദ്വീപിന്റെ പ്രകൃതി ഭംഗി നശിപ്പിക്കാത്ത തരത്തിലുള്ള ഡിസൈനാണ് തയ്യാറാക്കിയിരിക്കുന്നത്. ചെങ്കടൽ തീരത്തിനോട് ചേർന്നു കിടക്കുന്ന 90 ദ്വീപുകളിലൊന്നായ ഡോൾഫിൻ ആകൃതിയിലുള്ള ഷുറൈറ ദ്വീപിലാണ് പദ്ധതി ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 11 ബ്രാൻഡ് ഹോട്ടലുകൾക്കു പുറമെ, മണൽക്കുന്നുകൾ, ക്ലബ്ബുകൾ, താമസ സ്ഥലങ്ങൾ, നടപ്പാതകൾ, ഗോൾഫ് കോർട്ട്, കോറൽ പവലിയൻ, റീഫ് വില്ലകൾ, ആഢംബര വില്ലേജുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. വലിയ ഉയരം കൂടിയ കെട്ടിടങ്ങൾ ഒഴിവാക്കിയുള്ള ഡിസൈനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ അതിനനുസരിച്ച മാറ്റങ്ങളും രൂപകൽപ്പനയിൽ വരുത്തിയിട്ടുണ്ട്.
റെഡ് സീ പ്രോജക്ട്
പടിഞ്ഞാറൻ തീരമേഖലയിലെ അതി വിസ്തൃതമായ പ്രദേശത്താണ് ചെങ്കടൽ പദ്ധതി ആരംഭിക്കുന്നത്. പൈതൃക കേന്ദ്രങ്ങൾ പടിഞ്ഞാറൻ പർവത നിരകൾ,സംരക്ഷിത പ്രകൃതി മേഖലകൾ, നിർജീവമായ അഗ്നിപർവതങ്ങൾ, കടൽത്തീരങ്ങൾ, 50 ലേറെ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിയാണിത്. പ്രധാന തുറമുഖ നഗരമായ യാമ്പുവിന് വടക്ക് ഉംലജ് മുതല്‍ അൽവജ് വരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി പ്രദേശം. ഇതിനായി തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്ററോളം കടൽത്തീരം അത്യാധുനിക രീതിയിൽ വികസിപ്പിച്ചെടുക്കും. പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 34,000 ചതുരശ്ര കിലോമീറ്റർ വന്നേക്കും. കടൽത്തീരത്ത് നിന്ന് അകലെയല്ലാതെ വ്യാപിച്ചു കിടക്കുന്ന 50 ദ്വീപുകളിൽ റിസോർട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥാപിക്കും. 2022 അവസാനത്തോടെ അന്താരാഷ്ട്ര വിമാനത്താവളവും നാല് ഹോട്ടലുകളും തുറക്കും.
സഞ്ചാരികൾക്ക് മികച്ച അനുഭവമാകും
ചെങ്കടലിനോടു ചേർന്നു കിടക്കുന്ന ദ്വീപുകൾക്കു ചുറ്റും പവിഴപ്പുറ്റുകൾക്കും കടൽ സസ്യങ്ങൾക്കും ഇടയിലൂടെ ഡൈവിംഗ് നടത്താനും മേഖലയിലെ പ്രകൃതി ഭംഗിയും പൈതൃക കേന്ദ്രങ്ങളും കണ്ടറിയാനും സന്ദർശകർക്ക് അവസരം ലഭിക്കും. ബോട്ടുകളും സീപ്ലെയ്നുകളുമുണ്ട്. ഈ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ പല രാജ്യക്കാർക്കും വിസ എടുക്കേണ്ട ആവശ്യമില്ല.