
ലണ്ടൻ: ബ്രിട്ടണിലെ കെന്റിൽ രൂപം കൊണ്ട പരിവർത്തനം വന്ന കൊവിഡ് വൈറസിന് പ്രതിരോധ വാക്‌സിൻ നൽകുന്ന സുരക്ഷയെ മറികടക്കാനുളള ശക്തിയുണ്ടെന്ന് ആശങ്കപ്പെടുത്തുന്ന കണ്ടെത്തൽ. ബ്രിട്ടണിലെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവിയായ ഷാരോൺ പീക്കോക്കാണ് ഇത് അറിയിച്ചത്.
നിലവിൽ നൽകുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകൾ മെച്ചപ്പെടുത്തണമെന്നും ജനങ്ങൾ കൂടുതൽ വാക്‌സിൻ കുത്തിവയ്‌പ്പ് എടുക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ സംഭവിച്ച ജനിതക വ്യതിയാനം വന്ന വൈറസുകൾക്കെല്ലാം എതിരെ വാക്‌സിൻ ഫലപ്രദമാണ് എന്നാൽ കെന്റിലെ 1.1.7 എന്ന പരിവർത്തനം വന്ന വൈറസിന് വീണ്ടും പരിവർത്തനം സംഭവിക്കുകയാണെന്ന് പീക്കോക്ക് അഭിപ്രായപ്പെട്ടു. ഇത് നിലവിലെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്‌തിയെ സാരമായി ബാധിക്കും. ഇതുവരെ പരിവർത്തനം വന്ന വൈറസിൽ ഏറ്റവും പ്രസരണ ശേഷി കൂടിയതാണ് കെന്റിൽ കണ്ടെത്തിയത്. ഇതുവരെ 21 കേസുകളാണ് ഇത്തരത്തിൽ ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്‌തത്, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനും മാറ്റമുണ്ടായിട്ടുണ്ട്.
'മറ്റ് രാജ്യങ്ങളിലും പരിവർത്തനം വന്ന വൈറസുകളെ കണ്ടെത്തിയെങ്കിലും മരണസാദ്ധ്യത കുറവാണെങ്കിലും കൂടുതൽ എളുപ്പം പടരാൻ സാദ്ധ്യതയുളളതാണ് അതിനാൽ ഈ വൈറസ് ലോകം മുഴുവൻ പടരും.' പീക്കോക്ക് മുന്നറിയിപ്പ് നൽകുന്നു. വൈറസ് ജനിതക പരിവർത്തനം സംഭവിച്ച് അപകടകാരിയല്ലാതെ മാറിയാലേ കൊവിഡ് ഭീതി ഒഴിയൂ എന്നാൽ അതിന് പത്ത് വർഷം വരെ ആയേക്കാമെന്നും പീക്കോക്ക് പറയുന്നു.