
ഓരോ സ്ഥലത്തിനും അതിന്റേതായ ചില പ്രത്യേകതകളുണ്ട്. അത്തരം ഏതെങ്കിലുമൊരു പ്രത്യേകതയാവാം നമ്മെ അതുമായി ബന്ധിപ്പിയ്ക്കുക. എന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരുപാട് ഓർമ്മകൾ ഹിമാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാൻ ഹിമാലയത്തിലെത്തുന്നത് സിവിൽ സർവീസ് സെലക്ഷൻ ലഭിച്ച് മസൂറിയിലേക്ക് പോകുമ്പോഴാണ്. അതിനും എത്രയോ കാലം മുൻപു തന്നെ മനസിൽ ഹിമാലയത്തെക്കുറിച്ചുള്ള ചിത്രങ്ങളുണ്ട്. ഹിലാരിയും ടെൻസിംഗും ചേർന്നു കീഴടക്കിയ എവറസ്റ്റ് കുട്ടിയായിരിക്കുമ്പോഴേ എന്നിൽ അത്ഭുതം നിറച്ചിരുന്നു. ചലച്ചിത്ര ഗാനരംഗങ്ങളിലും മറ്റും മഞ്ഞണിഞ്ഞ ഹിമാലയ ശൃംഗങ്ങൾ കണ്ടിട്ടുണ്ട്. എങ്കിലും യഥാർത്ഥത്തിൽ ഹിമാലയത്തിൽ കാലുകുത്താൻ പോകുന്നു എന്നത് എന്നിലുളവാക്കിയ സന്തോഷം അവാച്യമാണ്. ഡെറാഡൂണിൽ നിന്നു മസൂറിയിലേക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ടാക്സി പിടിച്ചാണ് ട്രെയിനിൽ വച്ചു പരിചയപ്പെട്ട ഞങ്ങളിൽ ചിലർ ചേർന്നു പോയത്. പതുക്കെപ്പതുക്കെ കാർ വളവുകൾ കയറിത്തുടങ്ങിയപ്പോൾ തണുപ്പ് അരിച്ചെത്തിത്തുടങ്ങി. 'നീലഗിരിയുടെ സഖികളേ… ജ്വാലാമുഖികളേ…' എന്ന വയലാറിന്റെ വരികൾ മനസിലുടക്കി. മനസ് ആ പാട്ടുതന്നെ പാടിക്കൊണ്ടിരുന്നു. എന്റെ മനസിന്റെ സന്തോഷം പങ്കുവയ്ക്കാനായി നാവിലൂറിയ വരികൾ നിശബ്ദമായി ഞാൻ പാടിക്കൊണ്ടിരുന്നു. ഇന്നും ഹിമാലയത്തിലൂടെ യാത്ര ചെയ്താൽ ആ വരികൾ എനിക്ക് കൂട്ടായെത്തും. വില്യം ബ്ലേക്കിന്റെ വരികൾ… '‘Great things are done when men and mountains meet’ എപ്പോഴോ ഗാനത്തിന് അടിവരയിട്ടു. പിന്നീട് പ്രഭാതസന്ധ്യയും സായംസന്ധ്യയും ഹിമാലയത്തിൽ വിരിയിക്കുന്ന വർണജാലങ്ങൾ നോക്കി അദ്ഭുതംകൂറി പലവട്ടം നിൽക്കുമ്പോഴും ഹിമവാനെ നമസ്‌കരിക്കുന്ന ഹൃദയം എമിലി ഡിക്കിൻസൺന്റെ വരികളോർക്കും
‘Purples of ages - pause for you
Day - drops you her Red Adieu’
കാളിദാസന്റെ കുമാരസംഭവം ഹിമാലയത്തിന്റെ ഭംഗിയെക്കുറിച്ചു മാത്രമല്ല വർണിക്കുന്നത്. ഹിമാലയത്തിലെ ജന്തുജാലങ്ങൾ, ഗംഗ, പ്രകൃതി, പ്രകൃതിവിഭവങ്ങൾ ഇവയെയൊക്കെ അദ്ദേഹം വിവരിക്കുന്നു. ശാസ്ത്രവും സാഹിത്യവും സൗന്ദര്യവും ചേർന്ന സത്യങ്ങളാണല്ലോ ജീവിതത്തെ ജീവിതമാക്കുന്നത്. 'പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ചമന്ദിരത്തിലെ' ഒരു പൊട്ടായ ഭൂമീ... നമുക്കിനി എത്രകാലം സ്വന്തം എന്നു നമ്മോടു ചോദിച്ചുകൊണ്ട് ഹിമാലയത്തിലെ ചമോലി ജില്ലയിൽ കഴിഞ്ഞദിവസം വീണ്ടും ദുരന്തം വന്നെത്തി. പാവപ്പെട്ട നൂറ്റിയൻപതിൽപരം തൊഴിലാളികളുടെ മൃതദേഹങ്ങൾ പോലും കണ്ടെത്തിയിട്ടില്ല. ഒരു ജലവൈദ്യുതി പദ്ധതി പ്രദേശം മുഴുവൻ ദുരന്തം ബാധിച്ചു. കോടിക്കണക്കിനു രൂപ മുടക്കി നിർമ്മിച്ച ഒരു ഡാം നശിച്ചു.
സുപ്രീംകോടതി, ഉരുകുന്ന ഹിമാലയൻ ഗ്ലേഷിയറുകളെക്കുറിച്ചും ആ പ്രദേശത്തെ ഡാമുകളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പഠിക്കാനായി ചുമതലപ്പെടുത്തിയ ശാസ്ത്രസംഘം 2014 ൽ തന്നെ ഇത്തരം അപകടസൂചന നൽകിയിരുന്നത്രേ. മഞ്ഞുമല തണുത്തുറഞ്ഞ ശൈത്യകാലത്ത് ഉരുകുകയോ? ഹിമവാന്റെ മഞ്ഞുശിഖരങ്ങൾ കറുത്ത ശിലകളായി അവശേഷിക്കുന്ന കാലം വിദൂരമല്ലെന്ന് നമ്മെ ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുകുന്ന തോത് അത്രമേൽ അധികമാണത്രേ. നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ നിലനില്പിനു തന്നെ ഇതു ഭീഷണിയാണ്. ഹിമാലയത്തിലെ നദികളിൽ കാലാകാലങ്ങളിൽ ആവശ്യമായ തോതിൽ വെള്ളം നിറഞ്ഞൊഴുകുന്ന പ്രക്രിയ നിലച്ചാൽ പിന്നെ സിന്ധു-ഗംഗാ നദീതടങ്ങളെവിടെ? മഹത്തായ വിളവുതരുന്ന ഇന്ത്യൻ സമതലങ്ങളെവിടെ? ഹിമാലയ സാനുക്കളിലും സമതലങ്ങളിലുമൊക്കെയുള്ള ജന്തുസസ്യജാലങ്ങളുടെ നിലനിൽപ്പെവിടെ? ഒരു ഹിമാലയൻ ദുരന്തമായി നമ്മുടെ ഉപഭൂഖണ്ഡം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം ലോകം മുഴുവനും തിരിച്ചറിയണം. ടിബറ്റും നേപ്പാളും ഭൂട്ടാനും മ്യാൻമറും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ചൈനയും മാത്രമല്ല ഹിമാലയവുമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ബംഗ്ലാദേശ് പോലും ആ കണ്ണീരിൽ മുങ്ങും. അഞ്ഞൂറു ദശലക്ഷത്തിലധികം ആളുകളെയും എണ്ണിത്തീർക്കാനാവാത്തത്ര ജന്തുസസ്യജാലങ്ങളേയും നേരിട്ട് ബാധിക്കുന്ന ഈ ദുരന്തത്തെക്കുറിച്ച് നമ്മുടെ നാട്ടിലെ മുഴുവൻ സർവകലാശാലകളും ഗവേഷണം നടത്തേണ്ടതല്ലേ? ഹിമാലയൻ ഹിമപാളികൾ ഭൂമിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഒരു നിമിഷം നാം ചിന്തിക്കേണ്ടേ? ഇത്ര പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എങ്കിലും മുഴുവൻ രാജ്യങ്ങളിലേയും പ്രധാന ചർച്ചാ വിഷയമാകാത്തതെന്തെന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. 2000 നു ശേഷം ഹിമാലയൻ ഹിമമുരുകുന്നതിന്റെ വേഗത ഇരട്ടിയായിരിക്കുന്നുവത്രേ. ലോകം ചൂടിനെ പിടിച്ചു നിറുത്താൻ വേണ്ട എല്ലാ നടപടികളും എടുത്താൽ പോലും ഹിമാലയൻ മഞ്ഞിന്റെ മൂന്നിലൊന്ന് ഈ നൂറ്റാണ്ടിന്റെ പകുതി കഴിയുമ്പോഴേക്കും ഉരുകിത്തീരും. എങ്കിലും ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ, നാം നമ്മുടെ പ്രകൃതിയെ കശക്കിയെറിഞ്ഞുള്ള ജീവിതം തുടരുന്നു. ജേതാവെന്ന മട്ടിൽ...