
ലണ്ടൻ: ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ കൊവിഡിന്റെ ജനിതക മാറ്റം വന്ന പുതിയ വകഭേദം വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും ബ്രിട്ടീഷ് ജനിറ്റിക് സർവൈലൻസിന്റെ മുന്നറിയിപ്പ്. യു.കെ വകഭേദം ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്നും പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് പറഞ്ഞു.
കൊവിഡ് വാക്‌സിൻ ഇതുവരെ ബ്രിട്ടനിൽ ഏറെ ഫലപ്രദമായിരുന്നു. എന്നാൽ, വൈറസിന്റെ ജനിതക മാറ്റങ്ങൾ വാക്സിനെ ദുർബലപ്പെടുത്താൻ സാദ്ധ്യതയുണ്ട്. കൂടുതൽ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദത്തിന്റെ പിടിയിലാണ് ബ്രിട്ടനിപ്പോൾ. എന്നാൽ, ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും പീകോക്ക് വ്യക്തമാക്കി. വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്‌സിനേഷനും ഭീഷണിയാണ്. അതേസമയം, ബ്രിട്ടൻ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും ദക്ഷിണാഫ്രിക്ക , ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു.
കൊവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് സ്വയം അപകടമുക്തമായി മാറുകയോ ചെയ്താൽ മാത്രമേ രോഗബാധ വിട്ടൊഴിയൂ. എന്നാൽ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും പീകോക്ക് കൂട്ടിച്ചേർത്തു.
അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 107,940,872 ആയി. ഇതുവരെ 2,367,130 പേർ മരിച്ചു. 80,135,800 പേർ രോഗമുക്തരായി.