sports-council

തിരുവനന്തപുരം : ഇന്റർവ്യൂവിൽ തട്ടിപ്പ് നടത്തി നിയമിച്ച താത്കാലിക ജീവനക്കാരിക്കെതിരെ ഉയർന്ന പരാതികളിൽ നിന്ന് രക്ഷപെടുത്താൻ അവരുടെ ആവശ്യപ്രകാരം സ്ഥലം മാറ്റം നൽകിയതായി സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാരുടെ ആരോപണം. കൗൺസിൽ പ്രസിഡന്റിന്റെ പി.എ ആയി ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥയെ വിജ്ഞാപനത്തിലെ ഇന്റർവ്യൂത്തീയതിക്ക് മുന്നേ നിയമിച്ച തട്ടിപ്പിന്റെ വാർത്ത ഇന്നലെ കേരളകൗമുദി പുറത്തുവിട്ടിരുന്നു. ഇവരും മറ്റ് ജീവനക്കാരും തമ്മിൽ നേരത്തേ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതിനെത്തുടർന്ന് കൗൺസിൽ പ്രസിഡന്റിന്റെ സ്വദേശത്തേക്ക് സുരക്ഷിതമായി സ്ഥലം മാറ്റിയെന്നാണ് ആരോപണം.

ഒാപ്പറേഷൻ ഒളിമ്പ്യ പദ്ധതിയു‌ടെ പ്രോജക്ട് അസിസ്റ്റന്റ് സ്ഥാനത്തേക്കാണ് ഇവരെ 2018ൽ നിയമിച്ചിരുന്നതെങ്കിലും പ്രസിഡന്റിന്റെ പി.എയു‌ടെ ചുമതലയാണ് വഹിച്ചിരുന്നത്. ഇപ്പോൾ പദ്ധതിയുടെ ഓഫീസ് ഉൾപ്പടെ എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥയുടെ അപേക്ഷ പരിഗണിച്ചാണ് സ്ഥലം മാറ്റമെന്ന് കൗൺസിലിന്റെ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഒരു താത്കാലിക ജീവനക്കാരിയുടെ അപേക്ഷ പരിഗണിച്ച് പദ്ധതിതന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന്റെ രഹസ്യമെന്താണെന്നാണ് മറ്റ് ജീവനക്കാരുടെ ചോദ്യം.

സ്ഥലംമാറ്റകാര്യത്തിൽ മറ്റ് ജീവനക്കാരോടില്ലാത്ത പരിഗണന പ്രസിഡന്റ് സ്വന്തം പി.എയോട് കാട്ടുന്നുവെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിന്നിരുന്ന സമയത്ത് ഒൻപത് ജീവനക്കാരെ പ്രതികാരം തീർക്കാനായി വിവിധ ജില്ലകളിലേക്ക് മാറ്റിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇവർക്ക് തിരികെ നിയമനം നൽകണമെന്ന് കായികമന്ത്രിയുടെ ഓഫീസിൽ നിന്ന് കൗൺസിലിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.ഇക്കാര്യത്തിൽ കായികമന്ത്രിയുടെ അനാവശ്യ നടപെടലുണ്ടായെന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വാർത്ത വരുത്തിച്ചത് വിവാദമായിരുന്നു.