
പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായമേറിയ സ്ത്രീ കൊവിഡ് മുക്തയായി. ദക്ഷിണ ഫ്രാൻസിൽ കന്യാസ്ത്രീയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ ആൻഡ്രി എന്ന ലൂസിലി റാൺഡൻ ആണ് 117ാം വയസിൽ കൊവിഡ് മുക്തയായത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയാണ് ഇവർ. ജനുവരി 16 നാണ് ആൻഡ്രിയ്ക്ക് കൊവിഡ് ബാധിച്ചത്. എന്നാൽ ഇവർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു. കാഴ്ച നഷ്ടപ്പെട്ട ഇവർ വീൽചെയറിലാണ് കഴിയുന്നത്. വിരമിച്ചതിന് ശേഷം റിട്ടയർമെന്റ് ഹോമിലാണ് കഴിഞ്ഞിരുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് നെഗറ്റീവായത്. രോഗത്തെ വളരെ ലാഘവത്തോടെയാണ് ആൻഡ്രി നേരിട്ടത്. തന്റെ ദിനചര്യകളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവരുമോ എന്നുമാത്രമേ അന്വേഷിച്ചിരുന്നുള്ളുവെന്ന് റിട്ടയർമെന്റ് ഹോം വക്താവ് ഡേവിഡ് ടവെല്ല പറഞ്ഞു. എന്നാൽ, മറ്റ് അന്തേവാസികളുടെ കാര്യത്തിൽ ആൻഡ്രിയ്ക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് മരിക്കാൻ ഭയമില്ലെന്നാണ് ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആൻഡ്രി മറുപടി നൽകിയത്.
1904 ഫെബ്രുവരി 11 ന് ജനിച്ച ലൂസിലി റാൺഡൻ 1944 ൽ ആണ് സിസ്റ്റർ ആൻഡ്രി എന്ന നാമധേയം സ്വീകരിച്ച് കന്യാസ്ത്രീ മഠത്തിൽ ചേർന്നത്.