
യാങ്കോൺ: മ്യാൻമറിൽ ഭരണം അട്ടിമറിച്ച സൈനിക മേധാവികൾക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. സൈന്യം രാജ്യത്തിനുമേൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടുത്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്തുണ്ടെങ്കിലും സൈന്യം നിലപാട് മാറ്റിയിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങൾ നിസ്സഹകരണ സമരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സമരത്തിന്റെ ഒന്നാംഘട്ടത്തിൽ സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലിക്കു ഹാജരാകില്ല.
ഇതിനു പിന്തുണ പ്രഖ്യാപിച്ചാണ് സൈനിക ജനറൽമാർക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. യു.എസിൽ തടഞ്ഞുവച്ച 100 കോടി ഡോളർ വരുന്ന മ്യാൻമർ സർക്കാർ ഫണ്ട് സൈന്യത്തിന് ഇതോടെ പിൻവലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏർപെടുത്തും. സർക്കാരിന്റെ മറ്റു ഫണ്ടുകളും മരവിപ്പിക്കും. അതിനിടെ, സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ് ടിന്റ് സ്വയെ സൈന്യം ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു. രാജ്യത്ത് സൈന്യം ഭരണ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്.
പാശ്ചാത്യ രാജ്യങ്ങൾ ഉൾപെടെ സൈനിക അട്ടിമറിയെ വിമർശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാൻ, തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ മ്യാൻമറുമായി ബന്ധം നിറുത്താൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇതിലൂടെ വിദേശ സമ്മർദ്ദം മറികടക്കാമെന്ന് സൈന്യം കണക്കുകൂട്ടുന്നു. മ്യാന്മർ അട്ടിമറിക്കെതിരെ യു.എൻ മനുഷ്യാവകാശ കമ്മിഷൻ ഇന്ന് പ്രമേയം അവതരിപ്പിക്കുമെങ്കിലും റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാവാത്തതിനാൽ പരാജയപ്പെടുമെന്നാണ് സൂചന.