
മുംബയ്: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് യാത്ര ചെയ്യാൻ സർക്കാർ വിമാനം അനുവദിക്കാതെ ഉദ്ധവ് സർക്കാർ. ജന്മനാടായ ഉത്തരാഖണ്ഡിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബയ് വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ ഒടുവിൽ മറ്റൊരു സ്വകാര്യ വിമാനത്തിൽ യാത്രതിരിച്ചു.
ഇന്നലെ രാവിലെ 10 ഓടെ സർക്കാരിന്റെ പ്രത്യേക വി.ഐ.പി വിമാനത്തിൽ ഡെറാഡൂണിലേക്ക് പോകാനായിരുന്നു ഗവർണറുടെ പദ്ധതി.
ഇക്കാര്യം സംസ്ഥാന സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഗവർണർ വിമാനത്തിൽ കയറിയ ശേഷം സർക്കാരിൽ നിന്ന് യാത്രാനുമതി കിട്ടിയിട്ടില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഉടനെ ബന്ധപ്പെട്ടവരെ ഗവർണർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കുറേ സമയം കാത്തിരുന്നശേഷം ഗവർണർ വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ അനുമതി ലഭിക്കുമെന്ന് കരുതി രണ്ടുമണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ, പിന്നീട് യാത്രാ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഡെറാഡൂണിന് പോയെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.
സർക്കാർ നടപടി ഗവർണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത 12 പേരുടെ പട്ടിക ഗവർണർ ഒപ്പുവയ്ക്കാത്തതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണം ശിവസേന നേതാവ് സജ്ഞയ് റൗത്ത് നിഷേധിച്ചു. പ്രതികാരരാഷ്ട്രീയം ഞങ്ങൾക്കില്ലെന്നും ഗവർണറുടെ വിമാനയാത്ര തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു ബാലിശമായ പ്രവൃത്തിയാണ്. സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ല. സർക്കാരിന് സ്വാർത്ഥതയാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെ അഹംഭാവമുള്ള സർക്കാരിനെ കണ്ടിട്ടില്ല. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്.
-ദേവേന്ദ്ര ഫട്നാവിസ്, മുൻ മുഖ്യമന്ത്രി