nadal

മെൽബൺ : രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മൈക്കേൽ എമ്മോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. സ്കോർ 6-1,6-4,6-2.ക്വാളിഫയിംഗ് റൗണ്ട് കടന്നെത്തിയ എമ്മോ നദാലിന് വെല്ലുവിളിയേ ആയിരുന്നില്ല. ഇത് 15-ാം തവണയാണ് നദാൽ ആസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടക്കുന്നത്. ബ്രിട്ടന്റെ കാമറൂൺ നോറീയാണ് മൂന്നാം റൗണ്ടിൽ നദാലിന്റെ എതിരാളി.

വനിതാ വിഭാഗം ടോപ് സീഡ് ആഷ്ലി ബാർട്ടി,കരോളിൻ പ്ളിസ്കോവ,എലിന സ്വിറ്റോളിന,ബെൻസിച്ച് തുടങ്ങിയവരും രണ്ടാം റൗണ്ടിൽ വിജയം നേടി. അമേരിക്കൻ താരം ഡാനിയേല കോളിൻസിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് പ്ളിസ്കോവ കീഴടക്കിയത്.സ്കോർ 7-5,6-2. ആഷ്ലി ബാർട്ടി രണ്ടാം റൗണ്ടിൽ സ്വന്തം നാട്ടുകാരി ഗാവ്റിലോവയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കീഴടക്കിയത്. സ്വിറ്റോളിന 6-4,6-3ന് കോക്കോ ഗൗഫിനെയാണ് തോൽപ്പിച്ചത്.

പുരുഷ സിംഗിൾസിൽ ഗ്രീക്ക് താരം സിസ്റ്റിപ്പാസ് രണ്ടാം റൗണ്ടിൽ ആസ്ട്രേലിയൻ വൈൽഡ് കാർഡ് എൻട്രി കോക്കിനാക്കിസിനെ തോൽപ്പിച്ചു.