mc-kamardheen

കണ്ണൂർ: ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ജയിൽമോചിതനായി. കേസിൽ തന്നെ പ്രതിയാക്കിവർക്ക് കാലം മാപ്പ് നൽകില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. തന്റെ അറസ്റ്റ് ഗൂഢാലോചനയുടെ ഫലമാണെന്നും മഞ്ചേശ്വരത്തെ ഭൂരിപക്ഷം ഉയർത്തിയതും തന്നെ രാഷ്ട്രീയമായി തകർക്കുക എന്നതുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെ കാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വികാരാധീനനായാണ് കമറുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. 93 ദിവസങ്ങൾക്ക് ശേഷമാണ് എംഎൽഎ ജയിൽമോചിതനാകുന്നത്.

വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളിലാണ് കമറുദ്ദീന് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ രജിസ്റ്റർ ചെയ്ത 142 കേസുകളിലും കമറുദ്ദീന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനിൽക്കുന്ന പൊലീസ് സ്‌റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടാകും. ചന്തേര, കാസർകോട്, പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് നേരത്തെ നിരവധി കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചിരുന്നത്. എംഎൽഎയുടെ വീട് നിൽക്കുന്ന സ്‌റ്റേഷനിൽ കേസുള്ളതിനാൽ അവിടെയെത്താനാകില്ല. എന്നാൽ, അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിൽ കേസുകൾ ഇല്ലാത്തതിനാൽ എംഎൽഎ ഓഫീസിലടക്കം കമറുദ്ദീന് എത്താനാകും.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നവംബർ ഏഴിനാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നത്. ജനുവരി നാലിന് ഹൈക്കോടതി നാല് കേസുകളിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കീഴ് കോടതികളിൽ നിന്നും അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ ആരംഭിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെയും മകൻ ഹിഷാമിനെയും ഇതുവരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.