covid

ഇൻഡോർ: മദ്ധ്യപ്രദേശിൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ പൊലീസ് കോൺസ്റ്റബിൾ എത്തിയത് കാലന്റെ വേഷത്തിൽ. ഇൻഡോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിംഗ് യമരാജന്റെ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.

മടികൂടാതെ വാക്സിനെടുക്കാൻ മുൻനിര പോരാളികൾക്ക് സന്ദേശം നൽകുന്നതിനാണ് കാലന്റെ വേഷം ധരിച്ചെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാലന്റെ വേഷം ധരിച്ച് ജവഹർ സിംഗ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞവർഷം കൊവിഡ് പടർന്നുപിടിച്ച ഏപ്രിലിൽ കാലന്റെ വേഷം ധരിച്ച് ജവഹർ സിംഗ് ബോധവത്കരണത്തിന് ഇറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഈ വീഡിയോ വൈറലായിരുന്നു.

മദ്ധ്യപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 50വയസിന് മുകളിലുള്ളവർക്കാണ് മുൻഗണന.