
ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യയുടെയയും ചൈനയുടെയും സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടുവെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസിൽ നിന്നുള്ളവ ഉൾപ്പെടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വന്ന വാർത്തകൾ ശരിവയ്ക്കുന്നതാണ് റഷ്യൻ വാർത്താഏജൻസിയുടെ വെളിപ്പെടുത്തൽ.
40ൽ അധികം സൈനികർ കൊല്ലപ്പെട്ടു എന്നത് വ്യാജ വാർത്തയാണെന്നാണ് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നത്. ഒരു പി.എൽ.എ കമാൻഡിങ് ഓഫീസറുടെ മരണം ഉൾപ്പെടെ ചൈനീസ് സേനയ്ക്ക് കൂടുതൽ ആളപായമുണ്ടായതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും അപകടങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ചൈന തയ്യാറായിട്ടില്ല.
ഗൽവാൻ താഴ്വരയിൽ ഇന്ത്യയടേയും ചൈനയടേയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ട് ഒൻപത് മാസങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ ആൾനാശം സംബന്ധിച്ച കണക്കുകൾ പി.എൽ.എ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.