
തന്റെ നിലപാടുകൾ എന്നും ശക്തമായി പ്രകടമാക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന നടിയാണ് പാർവ്വതി തിരുവോത്ത്. പല വിഷയങ്ങളിലും തന്റെ അഭിപ്രായം ഭയമേതുമില്ലാതെ വ്യക്തമാക്കിയിട്ടുള്ള നടി നിരവധി ട്രോളുകൾക്കും സോഷ്യൽ മീഡിയാ ആക്രമണങ്ങൾക്കും വിധേയയായിട്ടുണ്ട്. എന്നിട്ടും തന്റെ നിലപാടുകളിൽ നിന്നും പുറകോട്ട് പോകാൻ ഒരു ഫെമിനിസ്റ്റ് നടി ഒരിക്കലും തയ്യാറായിട്ടുമില്ല.
പലരും പ്രത്യാക്രമണം ഭയന്നോ നിലനിൽപ്പിനെ ബാധിക്കുമെന്ന് കരുതിയോ അഭിപ്രായങ്ങൾ പൊതുമണ്ഡലത്തിൽ പ്രകടമാക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ പാർവ്വതി അത് ചെയ്യാൻ ഒരിക്കലും മടിച്ചിട്ടുമില്ല. ഇപ്പോൾ പാർവ്വതിയുടെ ഈ ദൃഢമായ വ്യക്തിത്വത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മലയാളത്തിലെ മുതിർന്ന നടനും അഭിനയ സാമ്രാട്ട് തിലകന്റെ മകനുമായ ഷമ്മി തിലകൻ.
സ്വാർത്ഥ താത്പര്യങ്ങൾക്കായി ഒരിക്കലും അവസരവാദത്തെ കാട്ടാത്ത നടിയാണ് പാർവ്വതി തിരുവോത്ത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പോസ്റ്റ് ഇങ്ങനെ - 'ചോദ്യം :- ആരാണ്_പാർവ്വതി..!? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!'. പോസ്റ്റിനൊപ്പം ഹൃദയചിഹ്നവും പാർവ്വതിയുടെ ചിത്രം ഷമ്മി തിലകൻ നൽകിയിട്ടുണ്ട്. നേരത്തെ പാർവ്വതിയെ പിന്തുണച്ചുകൊണ്ട് നടൻ ഹരീഷ് പേരടിയും ഫേസ്ബുക്ക് വഴി രംഗത്തുവന്നിരുന്നു.

'ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...'-ഹരീഷ് പേരടി പറഞ്ഞു.