blasters

ഒഡിഷ എഫ്.സിയോട് 2-2ന് സമനിലയിൽ പിരിഞ്ഞ് കേരള ബ്ളാസ്റ്റേഴ്സ്

ഇതോടെ ബ്ളാസ്റ്റേഴ്സിന്റെ പുറത്താകലിന് ഔദ്യോഗിക സ്ഥിരീകരണമായി

മഡ്ഗാവ് : ഒരു ഗോളിന് പിന്നിട്ടു നിൽക്കുക,സമനില പിടിക്കുക. പിന്നെ ലീഡ് നേടുക,ഒടുവിൽ സമനില വഴങ്ങുക... ജയിക്കാൻ യോഗമില്ലാത്തവരുടെ തിരക്കഥയിലെ വേഷം ആടിത്തീർക്കാനായിരുന്നു ഇന്നലെയും കേരള ബ്ളാസ്റ്റേഴ്സിന്റെ വിധി.ഐ.എസ്.എല്ലിൽ ഏറ്റവും പിന്നിലുള്ള ഒഡിഷ എഫ്.സിയാണ് ഇന്നലെ 2-2ന് ബ്ളാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. സീസണിലെ 17 മത്സരങ്ങളിലെ ഏഴാം സമനിലയാണ് ബ്ളാസ്റ്റേഴ്സ് ഇന്നലെ വഴങ്ങിയത്. അത്രതന്നെ മത്സരങ്ങൾ തോൽക്കുകയും ചെയ്ത മഞ്ഞപ്പട 16 പോയിന്റുമായി ഒൻപതാം സ്ഥാനത്തായി. ഈ സീസണിൽ സെമിഫൈനലിൽ കടക്കുകയില്ലെന്നതിന് ഇതോടെ ഔദ്യോഗിക സ്ഥിരീകരണവുമായി.

ഡീഗോ മൗറീഷ്യോ 45-ാം മിനിട്ടിൽ നേടിയ ഗോളിന് മുന്നിട്ടുനിന്ന ഒഡിഷയെ 52-ാം മിനിട്ടിൽ മറെയുടെ ഗോളിലൂടെയാണ് ബ്ളാസ്റ്റേഴ്സ് സമനിലയിൽ പി‌ടിച്ചത്. 68-ാം മിനിട്ടിൽ ഹൂപ്പർ ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചെങ്കിലും ആറുമിനിട്ടുകൾ മാത്രമായിരുന്നു ലീഡിന് ആയുസ്.74-ാം മിനിട്ടിൽ മൗറീഷ്യാതന്നെ സമനില ഗോളും നേടി.

ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ജെറി മാവ്മിംഗ്തംഗയുടെ പാസിൽ നിന്നാണ് മൗറീഷ്യോ ഒഡിഷയുടെ ആദ്യ ഗോൾ നേടിയത്. ഗാരി ഹൂപ്പറുടെ ക്രോസിൽ നിന്നാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ മറെ സ്കോർ ചെയ്തത്. സഹൽ അബ്ദുൽ സമദാണ് ഹൂപ്പർക്ക് ഗോളടിക്കാൻ പന്തെത്തിച്ചത്. എന്നാൽ പ്രതിരോധത്തിലെ ശ്രദ്ധക്കുറവ് വീണ്ടുമൊരു ഗോൾ വഴങ്ങുന്നതിലേക്ക് ബ്ളാസ്റ്റേഴ്സിനെ നയിച്ചു.