vaccine

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.

കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ കൊവിഡ് കേസുകൾ തുടർച്ചയായി കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. റോഡെറിക്കോ ഒഫ്രിൻ പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയുടെ തീവ്രത കണക്കിലെടുക്കുമ്‌ബോൾ കേന്ദ്രസർക്കാരിന് അഭിമാനിക്കാമെന്ന് റോഡെറിക്കോ ഒഫ്രിൻ പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ ജാഗ്രതയും അച്ചടക്കവും കരുത്തും ഫലം കണ്ടു. വെറും 22 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 6 മില്യൺ ആളുകൾക്ക് വാക്സിൻ നൽകി. ഏറ്റവും വേഗത്തിൽ 60 ലക്ഷം പേർക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഒഫ്രിൻ ചൂണ്ടിക്കാട്ടി.

ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 12923 പേർ‌ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 70,17,114 ആളുകൾ വാക്സിൻ സ്വീകരിച്ചു. വികസിത രാജ്യങ്ങൾക്കുപോലും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 70 ലക്ഷം ആളുകൾക്ക് വാക്സിൻ നൽകാൻ 26 ദിവസങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നതെങ്കിൽ അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും വേണ്ടി വന്നിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതാദ്യമല്ല ഇന്ത്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്സിനുകൾ അയൽരാജ്യങ്ങൾക്ക് നൽകുന്നതിൽ ഇന്ത്യ കാണിച്ച മാതൃകയെ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിന്ദിച്ചിരുന്നു.