pin

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മീഡിയാ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെയും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെയും സേവനങ്ങൾ ഈ മാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കും. ബ്രിട്ടാസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും, ശ്രീവാസ്തവ ചീഫ് സെക്രട്ടറിയുടെയും പദവിയിൽ ശമ്പളം കൈപ്പറ്റാതെയാണ് പ്രവർത്തിച്ചിരുന്നത്.

സർക്കാരിന്റെ വികസന ഉപദേഷ്ടാവായ സി.എസ്. രഞ്ജിത്തിന്റെ സേവനവും അവസാനിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ വികസനപദ്ധതികൾ പ്രഖ്യാപിക്കാനാവില്ലെന്നതും കണക്കിലെടുത്താണിത്. സർക്കാരിന്റെ നാല് മിഷനുകളുടെ പ്രവർത്തനം പൂർത്തിയായ സ്ഥിതിക്ക്, നവകേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയിൽ നിന്ന് ചെറിയാൻ ഫിലിപ്പിനെയും ഒഴിവാക്കി പൊതുഭരണവകുപ്പ് ഉത്തരവായിട്ടുണ്ട്. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമയുടെ സേവനവും അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളിൽ ഇനി മൂന്ന് പേരാണ് അവശേഷിക്കുന്നത്. ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തനും നിയമ ഉപദേഷ്ടാവ് ഡോ. എൻ.കെ. ജയകുമാറും പ്രസ് ഉപദേഷ്ടാവ് പ്രഭാവർമ്മയും. മൂവരും പ്രിൻസിപ്പൽസെക്രട്ടറി റാങ്കിലാണ്. ചന്ദ്രദത്തൻ മാത്രമാണ് ഇതിൽ ശമ്പളമില്ലാതെ പ്രവർത്തിക്കുന്നത്. സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് നേരത്തേ ഒഴിവായിരുന്നു.

രമൺ ശ്രീവാസ്തവയ്ക്ക് പൊലീസ് വകുപ്പിൽ നിന്നനുവദിച്ച രണ്ട് പൊലീസ് ഡ്രൈവർമാർക്കായി പ്രതിമാസം 93032 രൂപ ശമ്പളയിനത്തിൽ ചെലവ് വരുന്നുണ്ടെന്ന് നിയമസഭയിൽ സർക്കാർ അറിയിച്ചിരുന്നു. കേരള പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നേരത്തേ രമൺ ശ്രീവാസ്തവയെ ചൊല്ലിയും ആക്ഷേപങ്ങളുയർന്നെങ്കിലും, മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചു. ശ്രീവാസ്തവ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റ് വേട്ട, യു.എ.പി.എ അറസ്റ്റ് മുതലായ വിഷയങ്ങൾ വിവാദമായപ്പോഴും ശ്രീവാസ്തവയെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ. ലോക്‌നാഥ് ബെഹ്റ മാറുന്ന ഒഴിവിലേക്ക് പുതിയ പൊലീസ് മേധാവി ആരാവുമെന്ന ചർച്ചകൾക്കിടെയാണ് ഉപദേഷ്ടാവ് സ്ഥാനത്തുനിന്നുള്ള ശ്രീവാസ്തവയുടെ മാറ്റം. ബ്രിട്ടാസും ചെറിയാൻ ഫിലിപ്പും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.