
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലും മുലപ്പാൽ ബാങ്കെത്തി. സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ബാങ്ക് സ്ഥാപിച്ചത്. മുലപ്പാൽ ബാങ്ക് അടുത്തമാസം തൃശൂരിലും തുറക്കും. അമ്മമാർ സഹായിച്ചാൽ എല്ലാ ജില്ലകളിലും മുലപ്പാൽ ബാങ്ക് ആരംഭിക്കാനാണ് പദ്ധതി. അമ്മയുടെ പാൽ ലഭിക്കാത്ത ആറുമാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന നവജാതശിശുക്കൾക്കാണ് തുടക്കത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. ആശുപത്രിയിൽ പ്രസവിച്ചവരും ആരോഗ്യവിവരങ്ങൾ ലഭ്യമായവരുമാണ് മുലപ്പാൽ ദാതാക്കൾ. പാസ്ചറൈസ് ചെയ്ത് പാൽ ആറുമാസംവരെ ഉപയോഗിക്കാം. പാസ്ചറൈസേഷൻ യൂണിറ്റ്, റെഫ്രിജറേറ്ററുകൾ, ഡീപ്പ് ഫ്രീസറുകൾ, ബ്രെസ്റ്റ് പമ്പ്, ആർ.ഒ പ്ലാന്റ്, സ്റ്റെറിലൈസിംഗ് ഉപകരണങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് മുലപ്പാൽബാങ്ക് സ്ഥാപിച്ചത്.
മുലപ്പാൽ നൽകുന്ന അമ്മമാർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ പാടില്ല. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരാകരുത്.മുലപ്പാൽ ആരിൽ നിന്ന് സ്വീകരിച്ചു എന്നോ, ആർക്കു നൽകുന്നുവെന്നോ വെളിപ്പെടുത്തില്ല. പ്രത്യേക മുറിയിൽ തയാറാക്കിയിട്ടുള്ള ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെയാണ് മുലപ്പാൽ എടുക്കുക. പാത്രങ്ങളിൽ ശേഖരിച്ച് അണുവിമുക്തമാക്കും. സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയും റഫ്രിജറേറ്ററും ഡീപ് ഫ്രീസറും മറ്റു സജ്ജീകരണങ്ങളുമുണ്ടാകും. ബാക്ടീരിയ ഇല്ലെന്നുറപ്പാക്കാൻ കൾചർ പരിശോധന നടത്തും. ഫ്രീസറിനുള്ളിൽ 6 മാസത്തോളം പാൽ സൂക്ഷിക്കാം.
സല്യൂട്ട് കോബ്ര ഗേൾസ്
പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘമായ കോബ്രയുടെ ആദ്യ വനിതാ ബറ്റാലിയൻ സി. ആർ.പി. എഫിന്റെ ഭാഗമായത് ഈയാഴ്ചയാണ്.നക്സൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ഇവരെ വിന്യസിക്കും.വനിതകളുടെ 34 സി. ആർ.പി. എഫ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡാണ് കഴിഞ്ഞയാഴ്ച നടന്നത്.
ഹരിയാനയിലെ കാഡർപൂര് ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരി പങ്കെടുത്തു.സി.ആർ.പി.എഫിന്റെ ആറ് വനിതാ ബറ്റാലിയനുകളിൽ നിന്നാണ് കോബ്രാ സംഘത്തിലേക്ക് കമാൻഡോകളെ തിരഞ്ഞെടുത്തത്.മൂന്ന് മാസത്തെ പ്രത്യേക പരിശിലനം കൂടി പൂർത്തിയാക്കിയശേഷം ഇവരെ നക്സൽ ബാധിത സംസ്ഥാനമായ ചത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂർ തുടങ്ങിയ ജില്ലകളിൽ വിന്യസിക്കുമെന്ന് സി.ആർ.പി.എഫ് വക്താവ് വ്യക്തമാക്കി.
പോൺ വിഡിയോ സംവിധാനം, ഗെഹന കുടുങ്ങി
യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിന് നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അറസ്റ്റിലായത് സിനിമാ ലോകത്തെ ഞെട്ടിച്ചു. രണ്ടാഴ്ച മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് മുംബെയ് ക്രൈംബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്തത്. ഗെഹനയെക്കൂടാതെ ആറ് പേർ കൂടി പിടിയിലായിട്ടുണ്ട്.
നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റു അശ്ലീല വെബ്സൈറ്റുകൾക്കുമായി പോൺ വീഡിയോകൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗെഹന, പോൺ വീഡിയോകൾ സംവിധാനം ചെയ്യുകയും ചില വീഡിയോകളിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിൽ ജേതാവും 32 കാരിയുമായ ഗെഹന വസിഷ്ഠിന്റെ യഥാർഥ പേര് വന്ദന തിവാരി എന്നാണ്. ഫിൽമി ദുനിയയാണ് ആദ്യ ചിത്രം. സ്റ്റാർ പ്ലസിലെ ടിവി ഷോയായ ബെഹെയ്നിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗന്ധി ബാദ് എന്ന വെബ്സീരിസിലും സുപ്രധാന വേഷം ചെയ്തു.