jose-k-mani

കോട്ടയം: എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ആരംഭിക്കാനിരിക്കെ പതിനഞ്ച് സീറ്റുകളിൽ അവകാശം ഉന്നയിക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം. ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ സ്ഥാനാർത്ഥിയാകും. കോട്ടയത്ത് സി പി ഐയുടെ സീറ്റായ കാഞ്ഞിരപ്പളളിയിലും കേരള കോൺഗ്രസ് മത്സരിക്കും. ഇടതു മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും കേരള കോൺഗ്രസ് എൽ ഡി എഫുമായി നേരത്തെ ചില ധാരണകളിൽ എത്തിയിട്ടുണ്ട്.

പതിനഞ്ച് ചോദിക്കുന്നുവെങ്കിലും പന്ത്രണ്ടിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നാണ് ജോസിന്റെ പ്രതീക്ഷ. പാലാ സീറ്റിന്റെ അവകാശി ജോസ് കെ മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയിൽ ഉറപ്പ് ലഭിച്ചിട്ടുണ്ട്. പാലായ്‌ക്ക് പുറമെ കാഞ്ഞിരപ്പളളി, കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളാണ് കോട്ടയം ജില്ലയിൽ കേരളകോൺഗ്രസ് ആവശ്യപ്പെടുന്നത്.

യു ഡി എഫിലായിരിക്കെ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് സി പി എമ്മിന് വിട്ടുനൽകും. സി പി ഐയുടെ കൈവശമുളള കാഞ്ഞിരപ്പളളിക്ക് പകരം പൂഞ്ഞാർ നൽകേണ്ടി വന്നാൽ കേരള കോൺഗ്രസിന് ഒരു സീറ്റ് കൂടി നഷ്‌ടമാകും. റോഷി അഗസ്റ്റിൻ മത്സരിക്കുന്ന ഇടുക്കി, എറണാകുളം ജില്ലയിൽ പെരുമ്പാവൂരോ പിറവമോ പത്തനംതിട്ടിയിൽ റാന്നിയുമാണ് പ്രതീക്ഷിക്കുന്ന മറ്റ് സീറ്റുകൾ.

മലബാറിൽ പേരാവൂർ, ഇരിക്കൂർ, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളിലാണ് കണ്ണ്. ഇതില്‍ രണ്ട് സീറ്റുകൾ ലഭിച്ചേക്കും. എണ്ണം തികയ്ക്കാൻ ജയസാദ്ധ്യത ഇല്ലാത്ത തൊടുപുഴ ഉൾപ്പടെയുളള സീറ്റുകൾ നൽകാനുമുളള ധാരണയുമുണ്ട്. ചങ്ങനാശേരിയിൽ ജോബ് മൈക്കിളിനെയാണ് പരിഗണിക്കുന്നത്. ഇവിടെ ജനാധിപത്യ കേരള കോൺഗ്രസിലെ കെ സി ജോസഫിനെയായിരിക്കും എൽ ഡി എഫ് പരിഗണിക്കുക.