saseendran

കോഴിക്കോട്: ഇടതുമുന്നണി വിടാൻ എൻ സി പി ദേശീയ നേതൃത്വം തീരുമാനിച്ചാൽ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയിൽ തുടരാൻ എ കെ ശശീന്ദ്രന്റെ തീരുമാനം. മാണി സി കാപ്പൻ സംസ്ഥാന നേതൃയോഗം വിളിച്ച് ആലോചിക്കാതെ ഏകപക്ഷീമായി നീങ്ങിയെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം. കോൺഗ്രസ് എസിൽ ലയിക്കുന്നത് പുതിയ പാർട്ടി രൂപീകരണത്തിന് ശേഷം മതിയെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ പൊതുധാരണ.

താൻ മുന്നണിക്കൊപ്പം നിൽക്കുമെന്ന് സി പി എമ്മിന് ശശീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. മന്ത്രിസ്ഥാനം ശശീന്ദ്രൻ വിട്ടുനൽകാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന നേതൃയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെയാണ് കാപ്പന്റെ തീരുമാനങ്ങളെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നു.

എൻ സി പി പാർട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പൻ ഒറ്റയ്‌ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രൻ നോക്കുന്നത്. മാണി സി കാപ്പൻ ഒറ്റയ‌്ക്ക് പോയാൽ പ്രതിസന്ധിയില്ല. എന്നാൽ എൻ സി പിയായി ശശീന്ദ്രന്‍ മുന്നണിയില്‍ തുടരാം. അതേസമയം, എൻ സി പി മുന്നണി വിട്ടാൽ ശശീന്ദ്രൻ പുതിയ പാർട്ടി രൂപീകരിക്കും. കോൺഗ്രസ് എസിൽ ലയിക്കണം എന്നാണ് സി പി എം മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം. എന്നാൽ ഉടനടി ലയിക്കാനാവില്ലെന്നും ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് ലയിക്കാമെന്നുമാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നിലപാട്.