
മംഗളൂരു: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്‌ത സംഭവത്തിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉളളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയറായി എത്തിയ മലയാളി വിദ്യാർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്.
ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർകോട്, മലപ്പുറം ജില്ലകളിലെ പതിനൊന്ന് വിദ്യാർത്ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്‌തത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി റാഗ് ചെയ്‌തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികൾ കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊളളി കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്‌താണ് ഇവർ റാഗ് ചെയ്‌തത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കർണാടകയിൽ റാഗിംഗിന് എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.