thandodinja-thamara

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് സുകുമാരൻ നായകനായ ആഹാ എന്ന ചിത്രത്തിലെ 'തണ്ടൊടിഞ്ഞ താമരയിൽ' എന്ന പ്രണയഗാനം പുറത്തിറങ്ങി. സയനോര ഫിലിപ്പും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ.

വ്യത്യസ്‌ത സ്വഭാവത്തിൽപ്പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ലോകത്ത് ഒന്നാം നിര സംഗീത സംവിധായകരുടെ ഇടയിലേക്ക് സയനോരയും എത്തിയിരിക്കുകയാണ് ആഹായിലൂടെ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള കാവ്യാത്മകമായ പ്രണയത്തെ പ്രതിനിധീകരിക്കുന്ന ഗാനമാണിത്.

കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുളള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. 84ൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് ആഹായുടെ ചിത്രീകരണം പൂർത്തീകരിച്ചത്.

രാഹുൽ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുളള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഷംജിത് രവിയാണ് ചിത്രത്തിന്റെ കലാസംവിധാനം. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. റോണക്‌സ് സേവിയറാണ് ആഹായുടെ മേക്കപ്പ് കൈകാര്യം ചെയ്‌തിരിക്കുന്നത്.