
മൂന്നാർ: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തണുത്തുറഞ്ഞ് തെക്കിന്റെ കാശ്മീർ. ഇന്നലെ മൂന്നാറിന് സമീപത്തെ ലക്ഷ്മി എസ്റ്റേറ്റിൽ താപനില മൈനസ് രണ്ടിലെത്തി. സൈലന്റ് വാലി, ചെണ്ടുവര എന്നിവിടങ്ങളിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയപ്പോൾ സെവൻമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയായിരുന്നു. ഇതു മൂന്നാമത്തെ തവണയാണ് മൂന്നാറിൽ രണ്ട് മാസത്തിനിടെ ശൈത്യകാലമെത്തുന്നത്. കഴിഞ്ഞ ഡിസംബർ അവസാനമാണ് താപനില ആദ്യം മൈനസിലെത്തിയത്.
പിന്നീട് കനത്ത മഴ വന്നതോടെ മാറിനിന്ന ശൈത്യകാലം മൂന്നാഴ്ചയ്ക്ക് ശേഷം ജനുവരി അവസാനവാരമാണ് തിരികയെത്തിയത്. ജനുവരി 28ന് ഉയർന്ന് തുടങ്ങിയ താപനില പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് വീണ്ടും മൈനസിലെത്തിയത്. അരപതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഫെബ്രുവരിയിൽ ഇത്തരത്തിൽ തണുപ്പ് അനുഭവപ്പെടുന്നത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ജനുവരി, ഫെബുവരി മാസങ്ങളാണ് കേരളത്തിൽ ശൈത്യകാലമായി കണക്ക് കൂട്ടുന്നത്. എന്നാൽ കഴിഞ്ഞ ഏതാനം വർഷങ്ങളാണ് ജനുവരി അവസാന വാരത്തോടെ ചൂട് കൂടുന്നതാണ് പതിവ്. ഈ വർഷവും അതിന് മാറ്റം വന്നില്ലെങ്കിലും രാത്രി കാലങ്ങളിലെ താപനില കുറയുകയായിരുന്നു. കുറച്ച് ദിവസം കൂടി ഈ തണുപ്പ് സംസ്ഥാനത്തെമ്പാടും നിലനിൽക്കും. പിന്നീട് താപനില വീണ്ടുമുയരാൻ തുടങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.