arrest

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ബി ജെ പി സർക്കാർ കൊണ്ടുവന്ന മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020 പ്രകാരം ഇരുപത്തിമൂന്ന് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ലൗവ് ജിഹാദ് നിയമം എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്ന ഈ നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുൻപേ നിരവധി പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. നിർബന്ധിച്ച് മതം മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികൾ തടയുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020 കൊണ്ട് വന്നത്. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് നിയമം പ്രാബല്യത്തിൽ വന്നത്.

മദ്ധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ ഏഴു കേസുകൾ ഭോപ്പാലിലാണ്, അഞ്ച് കേസുകൾ ഇൻഡോറിലും നാല് കേസുകൾ വീതം ജബൽപൂർ, റെവ എന്നിവിടങ്ങളിലും ഗ്വാളിയോറിൽ മൂന്നും കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇത് ഗുരുതരമായ പ്രശ്നമാണെന്ന് തെളിഞ്ഞതായും രാജ്യവ്യാപകമായി ഇത്തരം ശക്തികൾ സജീവമാണെന്നും മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു.

കഴിഞ്ഞ മാസം പതിനേഴിനാണ് പുതിയ നിയമപ്രകാരമുള്ള ആദ്യ കേസ് മദ്ധ്യപ്രദേശ് പൊലീസിന് ലഭിക്കുന്നത്. ബർവാനി ജില്ലയിലെ പൽസുദ് പോലീസ് സ്റ്റേഷനിലായിരുന്നു ഇത്. മുൻപ് വിവാഹിതനായ സോഹയിൽ മൻസിരി എന്നയാൾ മറ്റൊരു സമുദായത്തിലെ പെൺകുട്ടിയെ നാല് വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. പിന്നാലെ ഇരുപത്തിയൊന്ന്കാരിയായ കോളേജ് വിദ്യാർത്ഥിനി, സാഹിൽ ഖുറേഷി എന്നയാൾ ഹിന്ദുവായി നടിച്ച് തന്നെ പ്രണയിച്ചതായും, അയാളുടെ തനി വ്യക്തിത്വം മനസിലാക്കിയപ്പോൾ മതം മാറാൻ തന്നെ നിർബന്ധിക്കുന്നതായും കാട്ടി പൊലീസിൽ പരാതി നൽകി. ഇതേ രീതിയിലുള്ള നിരവധി പരാതികൾ തൊട്ടടുത്ത ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.

പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിച്ച പരാതികൾക്കൊപ്പം പണം നൽകി മതം മാറ്റാൻ ശ്രമിക്കുന്നു എന്ന പരാതിയിലും പുതിയ നിയമം ഉപയോഗിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. 10,000 രൂപയുമായിമായി ചെന്ന് ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഒരു പാസ്റ്റർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സുമാത് ലാൽ എന്ന ഗ്രാമീണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മതസ്വാതന്ത്ര്യ ഓർഡിനൻസ് 2020 എന്ന ഓർഡിനൻസ് അടുത്ത ആറുമാസത്തിനകം മദ്ധ്യപ്രദേശ് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 25000 രൂപ പിഴയും ആണ് കുറ്റം ചെയ്തതായി തെളിഞ്ഞാൽ ഈ നിയമപ്രകാരം പ്രതികൾക്ക് ലഭിക്കുക. അതേസമയം പരാതിക്കാരെ പ്രായപൂർത്തിയാവാത്തവരോ, ദളിത് വിഭാഗത്തിൽപ്പെട്ടവരോ ആണെങ്കിൽ പരമാവധി പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ലഭിക്കും. ഇരയുമായി ബന്ധപ്പെട്ടവർക്ക് അതായത് രക്ഷകർത്താക്കൾ, സഹോദരങ്ങൾ എന്നിവർക്ക് മാത്രമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.