
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് തലസ്ഥാനത്ത് പാർപ്പിട സമുച്ചയത്തിന് രണ്ടിടത്തായി 2.3 ഏക്കർ അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പാവും നിർമ്മാണം നടത്തുക. ബൈപ്പാസിന് അരികിലായി ആക്കുളത്ത് 206 സെന്റും കവടിയാറിൽ 24 സെന്റുമാണ് അനുവദിച്ചത്.
അമ്പത് അപ്പാർട്ട്മെന്റുകൾ ആക്കുളത്ത് നിർമ്മിക്കും. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ശുപാർശ അംഗീകരിച്ചാണ് ഭൂമി അനുവദിച്ചത്.ആക്കുളത്ത് നിർമ്മിതി കേന്ദ്രത്തിന്റെ കൈവശമുള്ള ഭൂമി കളക്ടർ ഏറ്റെടുക്കും. പാർപ്പിട സമുച്ചയം നിർമ്മിക്കാനേ ഉപയോഗിക്കാവൂ, പാട്ടത്തിന് നൽകരുത്, പണയപ്പെടുത്താനോ കടമെടുക്കാനോ പാടില്ല, കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം, മരങ്ങൾ മുറിക്കരുത് എന്നിങ്ങനെ കർശന വ്യവസ്ഥകളോടെയാണ് ഭൂമി കൈമാറുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കടക്കം തലസ്ഥാനത്ത് മതിയായ താമസ സൗകര്യം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ തലസ്ഥാനത്ത് പാർപ്പിട സൗകര്യമുണ്ട്. ഐ.എ.എസ് ക്വാർട്ടേഴ്സുകളിൽ മുതിർന്ന ഉദ്യോഗസ്ഥരാണ് താമസിക്കുന്നത്. ജൂനിയർ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുന്നത്.
അടുത്തിടെ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക വസതിയും കവടിയാറിൽ അറുപത് സെന്റിൽ സിവിൽ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും സർക്കാർ നിർമ്മിച്ചിരുന്നു. ഔദ്യോഗികാവശ്യത്തിനും സന്ദർശനത്തിനുമെത്തുന്ന ഉദ്യോഗസ്ഥർ ഇൻസിറ്റിറ്റ്യൂട്ടിലാണ് താമസിക്കുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തലസ്ഥാനത്ത് ക്വാർട്ടേഴ്സുണ്ട്.
വീട്ടുവാടക 40,000 വരെ
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് 40,000 രൂപ വരെ വാടകയുള്ള വീടെടുക്കാൻ സർക്കാർ അനുമതി. കേന്ദ്ര ശമ്പള കമ്മിഷൻ ശുപാർശ പ്രകാരമാണ് നടപടി. ലെവൽ 10,11 ഉദ്യോഗസ്ഥർക്ക് 30,000, ലെവൽ പന്ത്രണ്ട്, പതിമ്മൂന്ന് 35,000, പതിനാലാം ലെവലിനും അതിനു മുകളിലും 40,000 രൂപയാണ് വീട്ടുവാടക അനുവദിച്ച് ചീഫ്സെക്രട്ടറി ഉത്തരവിറക്കിയത്. ജില്ലാ കളക്ടറാണ് വിപണി നിരക്കനുസരിച്ച് വാടക നിശ്ചയിക്കുക. ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.