farmer

പഞ്ചാബിലും ഹരിയാനയിലും നടന്നുകൊണ്ടിരിക്കുന്ന കർഷക മുന്നേറ്റം ശ്രദ്ധേയമാണ്. നിർഭാഗ്യവശാൽ അതൊരു കർഷക പ്രക്ഷോഭം മാത്രമെന്ന് കരുതാനാവില്ല. മറിച്ച് അതൊരു കുലാക്ക് കലാപം കൂടിയാണ്. അതിന് മുൻപ് ആരാണ് കുലാക്കുകൾ എന്നറിയണം. ഏക്കറുകളോളം ഭൂമിയുള്ള കൃഷിക്കാർ, ജമീന്ദാർ അല്ലെങ്കിൽ ജന്മിമാരാണ് കുലാക്കുകൾ. ഇവർ ഭൂരഹിതരായ കർഷകരെ നിഷ്‌കരുണം ചൂഷണം ചെയ്തവരായിരുന്നെന്ന് സോവിയറ്റ് ചരിത്രം പറയുന്നു. സ്റ്റാലിൻ അവരെ ഉന്മൂലനാശം ചെയ്തു. ലെനിൻ അവരെ വിളിച്ചത് 'രക്തക്കൊതിയന്മാർ, ജനങ്ങളെ കൊള്ളയടിക്കുന്നവർ, ക്ഷാമം മുതലെടുക്കുന്ന കൊള്ള ലാഭക്കാർ' എന്നൊക്കെയായിരുന്നു.
പ്രൊഫഷണൽ പ്രക്ഷോഭകരായ 'ആന്ദോളൻ ജീവികൾ' ഈ പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറി; ഒപ്പം വിഘടനവാദികളും ശത്രുരാജ്യങ്ങളും ( ഇന്ത്യയുടെ വിരോധികളും) കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാൻ തുടങ്ങി. ടിബറ്റൻ അതിർത്തിയിൽ യുദ്ധത്തിന്റെ
അവസ്ഥ നിലനിൽക്കുമ്പോൾ ആഭ്യന്തര പ്രക്ഷോഭങ്ങളുമായി ഇന്ത്യയെ തിളപ്പിച്ച് നിറുത്തുന്ന ഒരു മാതൃകയുണ്ട്. കൂടംകുളം,സ്‌റ്റൈർലൈറ്റ് , വിസ്‌ട്രോൺ, സി.എ.എ വിരുദ്ധ കലാപം, ബാംഗ്ലൂർ കലാപം, ഇപ്പോൾ 'കർഷക' കലാപം.

പ്രക്ഷോഭം ആദ്യം ഒരു മതപരമായ കലാപമായി രൂപാന്തരപ്പെട്ടു എന്നത് ആശങ്കാജനകമാണ്. കാനഡയിലെ സിഖുകാർ ഈ കലാപത്തിന് പിന്തുണയും നേതൃത്വവും നൽകി; പിന്നെ ഒരു ജാതിപ്പിളർപ്പിലേക്ക് ഇത് വഴിമാറി. പ്രതിഷേധക്കാരിൽ ഏറെയും ഉയർന്ന ജാതിക്കാരായ ജാട്ടുകളാണ്, ഭൂരഹിതരായ കർഷകരുടെ പ്രത്യേകിച്ചും താഴ്ന്നജാതിക്കാരായ കർഷകരുടെ പ്രാതിനിധ്യം തീരെക്കുറഞ്ഞ പ്രക്ഷോഭമായി ഇത്. കോർപ്പറേറ്റ് ഭീമൻമാരുടെ കടന്നുകയറ്റത്താൽ ചെറുകിട കർഷകന്റെ നിലനില്പ് അപകടത്തിലാകുമെന്നതാണ് 'കർഷകരുടെ' പ്രധാന ആരോപണം. ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ നേരിന്റെ ചെറിയൊരു അംശമുണ്ട് ഇതിൽ. ഉദാഹരണത്തിന്, യു.എസിലെ ഭീമൻ ഫാക്ടറി ഫാമുകൾ ആയിരക്കണക്കിന് ഏക്കർ കൃഷിചെയ്യുന്നു. വ്യാവസായിക കൃഷി ഭൂമിയെ നശിപ്പിച്ചു, ഭൂഗർഭജലം കൊള്ളയടിച്ചു, വിഷരാസവസ്തുക്കൾ പരത്തി, കാർബൺഡയോക്‌സൈഡ് ബഹിർഗമനത്തിലൂടെയും
മൃഗസംരക്ഷണത്തിൽ നിന്നുള്ള ജലമലിനീകരണം വഴിയും പൊതുവെ നാശമുണ്ടാക്കി.
'അനിമൽ, വെജിറ്റബിൾ, ജങ്ക്: എ ഹിസ്റ്ററി ഓഫ് ഫുഡ്, സുസ്ഥിരത മുതൽ ആത്മഹത്യ
വരെ' ( “Animal, Vegetable, Junk: A History of Food, from Sustainable to Suicidal”, ) എന്ന പുതിയ പുസ്തകത്തിൽ ഭക്ഷ്യഎഴുത്തുകാരൻ മാർക്ക് ബിറ്റ്മാൻ,​ ഫാക്ടറി ഫാമിംഗ് കുറഞ്ഞ പോഷകാഹാരത്തിലേക്കും ജങ്ക് ഫുഡിലേക്കും നയിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു, ഫലമോ പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ വ്യാപനം.
മാത്രമല്ല, ഭൂമിയുടെ സ്ഥിതി അതിലേറെ അധ:പതിച്ചിരിക്കുന്നു:ഫാക്ടറി ഫാം ഭൂമിയിൽ മണ്ണിരകളെപ്പോലും കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് ബിറ്റ്മാൻ സംസാരിക്കുന്നു, ഇത് മേൽമണ്ണ് നിർജീവമായിപ്പോയതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം പറയുന്നു. അതിനാൽ അമിതമായ കോർപ്പറേറ്റൈസേഷനും ആരോഗ്യകരമല്ല. വലിയ ഫാമുകൾ, യന്ത്രവത്കരണം, സാങ്കേതികവിദ്യയിലെ നിക്ഷേപം എന്നിവയുടെ മിതമായിട്ടുള്ള ഏകീകരണമാണ് മെച്ചം: മിതത്വം ഏറ്റവും പ്രധാനം. കാർഷിക ഉത്പാദനവും കൃഷിയുടെ ഭാവിയു മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഈ അവസ്ഥയിൽ മാണ്ടികൾക്കോ എ.പി.എം.സികൾക്കോ അർഹതിയകൾക്കോ
(കമ്മിഷൻ ഏജന്റുമാർ) വിൽക്കാൻ നിർബന്ധിതരാകാതെ കർഷകർക്ക് ആർക്കും വിൽക്കാൻ അവസരമുണ്ട്. പരിഹാരമാർഗത്തിന്റെ ഒരു ഭാഗം വിതരണ ശൃംഖല ചെറുതാക്കുക എന്നതാണ് : ഇന്ന്, കൃഷിസ്ഥലത്തെയും ഉപഭോക്താവിനെയും വേർതിരിക്കുന്ന അഞ്ചോ ആറോ ഇടനിലക്കാരുണ്ട്. കുലാക്കുകളിൽ കുറേപ്പേർ കമ്മിഷൻ ഏജന്റുമാരുമാണ് .

എന്നാൽ ഉത്പന്നങ്ങൾ നേരിട്ട് ഒരാളിലേക്കെത്തുമ്പോൾ ഉപഭോക്താവിനും കർഷനും ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ കമ്പനികൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റുകയും ചെയ്യുന്നു. (ഉദാ ഐ.ടി.സി, റിലയൻസ് എന്നീ കമ്പനികൾ തക്കാളി വൻതോതിൽ ശേഖരിച്ച് കെച്ചപ്പുകൾ ഉത്പാദിപ്പിക്കുന്നു.) ഈ രീതിയിൽ ശൃംഖല കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും, യഥാർത്ഥ കൃഷിക്കാരനും ഉപഭോക്താവിനും പ്രയോജനം ലഭിക്കും. വിദൂരഭാവിയിൽ ഇന്ത്യക്ക് ലോകത്തിലെ കാർഷിക മഹാശക്തികളിൽ ഒന്നായി മാറാനും കഴിയും.

ഹ്രസ്വഭാവിയിൽ കുലാക്കുകൾക്ക് സബ്ഡസിഡിയിലൂടെ ഇന്ന് കിട്ടുന്ന അമിത ലാഭം (ലാഭത്തിന്റെ ഉറവിടം സബ്സിഡിയാണ് ) നഷ്ടമാകും. ഒരുവർഷം രണ്ടുലക്ഷം കോടി രൂപയുടെ ഭക്ഷ്യസംഭരണം നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നടക്കുന്നുണ്ട്. അമിതമായി ശേഖരിക്കുന്നത് കാരണം ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ കേടായി പോകുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എഴുതിത്തള്ളിയ കാർഷിക വായ്പയുടെ കണക്ക് 2.34 ലക്ഷം കോടിയാണ്. ഇതിന്റെ ഗുണഫലം ലഭിച്ചവരിൽ സമ്പന്നരായ കുലാക്കുകളും ധാരാളമുണ്ട്. ഇതൊക്കെ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ അവർ എന്തുകൊണ്ട് മുറവിളി കൂട്ടുന്നുവെന്ന് മനസിലാകും. ലാഭേച്ഛയാണ് പ്രധാനം, അല്ലാതെ മാനുഷിക മൂല്യങ്ങളോ പാവപ്പെട്ട കർഷകരെ നന്നാക്കാനായി ഉള്ളതോ അല്ല ഈ സമരം. സമ്പന്നരായ ഇവരുടെ സമര ടെന്റുകളും ഇലക്ട്രിക്ക് ലെഗ് മസാജറും പീസയും വലിയ കാറുകളും ശ്രദ്ധിക്കുക. ഇതേ വിദ്വാന്മാരാണ് പഞ്ചാബിൽ വൈക്കോൽ കത്തിച്ച് എല്ലാക്കൊല്ലവും ദില്ലിയിൽ ഭയങ്കരമായ വായു മലിനീകരണം ഉണ്ടാക്കുന്നതും.