uttaraghand

ചമോലി: ഉത്തരാഖണ്ഡിലെ നന്ദാദേവി പർവതത്തിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ ഇതുവരെ 36 പേർ മരണമടഞ്ഞതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സ്വാതി ഭദോരിയ അറിയിച്ചു. രണ്ടുപേരെ ജീവനോടെ കണ്ടെത്താനായി. എന്നാൽ 204 പേർ ഇപ്പോഴും കാണാമറയത്താണ്. രണ്ട് പേരെ കണ്ടെത്താനായത് രക്ഷാപ്രവർത്തനത്തിൽ വലിയ പ്രതീക്ഷ നൽകുന്നുവെന്നും അവർ അറിയിച്ചു.

മുപ്പത്പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്ന തപോവൻ ടണലിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചതായി രക്ഷാ പ്രവർത്തകർ അറിയിച്ചു. നേരത്തെ ധൂളിഗംഗാ നദിയിൽ വെള‌ളപ്പൊക്കമുണ്ടായതുകൊണ്ട് രക്ഷാപ്രവർത്തനം നിർ‌ത്തിവച്ചിരുന്നു. തുരങ്കങ്ങളിൽ കുടുങ്ങിയവർക്ക് വേണ്ടി ഓക്‌സിജൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. പ്രധാന ടണൽ 1.5 കിലോമീ‌റ്റർ നീളമുള‌ളതാണ്. ഇതിന് താഴെയായി മ‌റ്റ് ടണലുകളിലും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.

ഇൻഡോ-ടിബ‌റ്റൻ ബോർഡർ പൊലീസ്(ഐടിബിപി), ദേശീയ ദുരന്ത രക്ഷാ സേന(എൻഡിആർഎഫ്), സംസ്ഥാന ദുരന്ത രക്ഷാ സേന(എസ്ഡിആർഎഫ്) എന്നിവയും സൈന്യവും ഒത്തുചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. വ്യാഴാഴ്‌ച സ്ഥലത്ത് വെള‌ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപ് ടണലിൽ 120 മീ‌റ്റർ വരെ രക്ഷാസൈന്യം വൃത്തിയാക്കിയിരുന്നു. 180 മീ‌റ്റർ ഉള‌ളിൽ വരെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകാം എന്നാണ് കരുതുന്നതെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു.