narendra-modi

ന്യൂഡൽഹി: ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കാശ്‌മീരിൽ കറുത്ത മഞ്ഞ് വീഴുമ്പോൾ താൻ ബി ജെ പിയിൽ ചേരുമെന്നാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം. തൊണ്ണൂറ് മുതൽ നരേന്ദ്രമോദിയുമായി ടെലിവിഷൻ സംവാദങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അവിടെ മോദിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്‌പരം ചായ കുടിച്ചിട്ടുണ്ട്. എന്നാൽ താൻ ബി ജെ പിയിൽ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു.

'ബി ജെ പിയല്ല മറ്റൊരു പാർട്ടിയിലും ഞാൻ ചേരില്ല. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരാരായാലും അവർക്ക് എന്നെ അറിയില്ല. രാജമാതാ സിന്ധ്യ പ്രതിപക്ഷ ഉപനേതാവായിരുന്ന കാലം എനിക്കെതിരെ ഒരു ആരോപണം ഉയർന്നു. ആരോപണം ഗൗരവമായി എടുക്കുന്നുവെന്ന് ഞാൻ പറഞ്ഞു. ആരോപണത്തെ കുറിച്ച് അന്വേഷിക്കാനായി അടൽ ബിഹാരി വാജ്‌പേയി ചെയർമാനായി എൽ കെ അദ്വാനി, സിന്ധ്യ എന്നിവർ ചേർന്ന കമ്മിറ്റി രൂപീകരിക്കണമെന്നും ഞാൻ തന്നെ നിർദ്ദേശിച്ചു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ച് എനിക്കെതിരെ എന്ത് ശിക്ഷ നൽകിയാലും സ്വീകരിക്കുമെന്നും ഞാൻ ഉറപ്പ് നൽകി. ഈ സമയം, വാജ്‌പേയി മുന്നോട്ടുവന്ന് എനിക്കരികിലെത്തി സഭയോടും എന്നോടും ക്ഷമ ചോദിച്ചു. സിന്ധ്യക്ക് എന്നെ അറിയില്ലായിരിക്കാം പക്ഷേ വാജ്‌പേയിക്ക് എന്നെ നന്നായി അറിയാമായിരുന്നു' എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു. അതിന് ശേഷം സോണിയയെ കണ്ടപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പാർട്ടിയെ തയ്യാറാക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു. രാഹുൽഗാന്ധിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ രണ്ടുതവണ കണ്ടെന്നും ആസാദ് മറുപടി നൽകി.

രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിന്റെ വിടവാങ്ങൽ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വൈകാരിക പ്രസംഗം ഏറെ ചർച്ചയായിരുന്നു. കണ്ണീരോടെയാണ് ഗുലാംനബി ആസാദിനെ പ്രധാനമന്ത്രി യാത്രയാക്കിയത്. തുടർന്നാണ് അദ്ദേഹം ബി ജെ പിയിൽ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. കോൺഗ്രസ് ദേശീയ നേതൃത്വത്തോടുളള വിയോജിപ്പും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.