
മുംബയ് : മാതാപിതാക്കളെ രക്ഷിക്കുന്നതിനായി പന്ത്രണ്ടുകാരൻ സ്വന്തം വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്നു. മുംബയിലെ വാസി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ ഒരു മോഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് സ്വർണം കവർന്ന കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 5 നും ഫെബ്രുവരി 10 നും ഇടയിലാണ് മോഷണം നടന്നത്. മാതാപിതാക്കളുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് പ്രതികൾ കുട്ടിയെ ഭയപ്പെടുത്തിയാണ് സ്വർണം കവർന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. അസിഫ് മേനോൻ എന്നയാൾ ആദ്യം കുട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. ക്രമേണ അയാൾ കുട്ടിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ നിന്നും പണമെടുത്ത് നൽകാൻ കുട്ടി വിസമ്മതിച്ചതോടെ സുഹൃത്തിന്റെ സഹായത്തോടെ പുതിയ പദ്ധതി ഇയാൾ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ആസിഫ് മേനോൻ കുട്ടിയെ മക്സൂദ് അൻസാരി എന്നയാളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. മാതാപിതാക്കൾ അപകടത്തിലാണെന്നും അവരെ രക്ഷിക്കാൻ തനിക്ക് കഴിയുമെന്നും അയാൾ കുട്ടിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. മാന്ത്രികവിദ്യ നടത്തി വീട്ടുകാരെ രക്ഷിക്കുന്നതിനായി ഒരു നാരങ്ങ ജപിച്ച് കുട്ടിക്ക് നൽകുകയും ഇത് വീട്ടിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽ വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. നാരങ്ങ വച്ചതിന് ശേഷം പെട്ടിയ്ക്കുള്ളിലെ സ്വർണാഭരണങ്ങൾ എടുത്ത് കൊണ്ടുവരണമെന്നും അതിൽ പൂജനടത്തിയ ശേഷം തിരികെ നൽകാമെന്ന് കുട്ടിയെ ധരിപ്പിക്കുകയും ചെയ്തു. വീട്ടുകാരെ രക്ഷിക്കുന്നതിനായി മക്സൂദ് അൻസാരി പറഞ്ഞതുപോലെ പന്ത്രണ്ടുകാരൻ ചെയ്യുകയായിരുന്നു.
കുട്ടിയെ ഉപയോഗിച്ച് സ്വർണാഭരണം തട്ടിയെടുത്ത ആസിഫ് മേനോന്റെ പദ്ധതി പൊളിഞ്ഞത് കുട്ടിയുടെ മാതാവ് സ്വർണം സൂക്ഷിച്ച പെട്ടി തുറന്നതോടെയാണ്. സ്വർണത്തിന് പകരം നാരങ്ങ കണ്ടതോടെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ രക്ഷിക്കുവാൻ കുട്ടി ചെയ്ത കടുംകൈ പുറത്തായത്. തുടർന്ന് വസായ് പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.