
ന്യൂഡൽഹി: സംസ്ഥാനത്തെ മുന്നണി മാറ്റം സംബന്ധിച്ച് എൻ സി പി ദേശീയ നേതൃത്വം ആശയക്കുഴപ്പത്തിൽ. പാലാ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ യു ഡി എഫിലേക്ക് നീങ്ങാമെന്ന് മാണി സി കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എൽ ഡി എഫിൽ തുടരണമെന്ന് എ കെ ശശീന്ദ്രനും അവരവരുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് ശരത് പവാറിനെ വെട്ടിലാക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ ഒരു പിളർപ്പ് ഒഴിവാക്കാനുളള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നേതൃത്വം.
ദോഹയിൽ നിന്ന് തിരിച്ചെത്തിയ പ്രഫുൽ പട്ടേൽ മാണി സി കാപ്പനുമായി ഇന്ന് പ്രത്യേകം ചർച്ച നടത്തും. കാപ്പനെ അനുനയിപ്പിക്കാനുളള അവസാനശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരനും കാപ്പനും മൂന്നു ദിവസമായി ഡൽഹിയിൽ തുടരുകയാണ്. ഇന്ന് പ്രഫുൽ പട്ടേലുമായുളള ചർച്ചയ്‌ക്ക് ശശീന്ദ്രനെ വിളിച്ചിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിൽ ശശീന്ദ്രനെ കൂടി ഡൽഹിക്ക് വിളിപ്പിച്ച് ഒരുവട്ടം കൂടി ചർച്ച നടത്താനാണ് എൻ സി പി നീക്കം. അങ്ങനെയെങ്കിൽ മുന്നണി മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകില്ല.
ഞായറാഴ്‌ചക്ക് മുമ്പ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് മാണി സി കാപ്പൻ അറിയിച്ചിരിക്കുന്നത്. തുടർഭരണമുണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും മുന്നണി മാറുന്നത് തിരിച്ചടിയാകുമെന്നുമാണ് ശശീന്ദ്രൻ അനുകൂലികൾ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. രണ്ട് വിഭാഗവും ജില്ലാ കമ്മറ്റികളെ ഒപ്പം നിർത്തി ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ്.