തെലുങ്ക് ചിത്രം ഗോഡ്സെയിൽ നായിക മുഖമാവാൻ ഐശ്വര്യ ലക്ഷ്മി

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്ത് എത്തിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലെ ഒരു ഇടവേളയിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ടു. എന്നാൽ ഇന്നും മലയാളികളുടെ മനസ്സിൽ ഐശ്വര്യ ലക്ഷ്മി മായാനദിയിലെ 'ആപ്പ്സ് " ആണ്. സ്വന്തമായി അഭിപ്രായമുള്ള നായിക. 'സെക്സ് ഈസ്  നോട്ട് എ പ്രോമിസ് " എന്ന് കാമുകന്റെ മുഖത്ത് നോക്കി പറഞ്ഞ വിപ്ലവ നായികയായ അപർണ എന്ന ആപ്പ്സ് മലയാളസിനിമ ആസ്വാദകരുടെ മനസിലേക്ക് ഓടി കയറുകയായിരുന്നു. മലയാള സിനിമയുടെ ഐശ്വര്യമായി ഐശ്വര്യ ലക്ഷ്മിക്ക് മാറാൻ അധികം സമയം വേണ്ടിവന്നില്ല. തമിഴിലേക്ക് ചേക്കേറിയ ഐശ്വര്യ ഇപ്പോൾ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് തെലുങ്കിലും തന്റെ നായികാ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
തെലുങ്കിൽ ഗോഡ്സെ  എന്ന സത്യദേവ് ചിത്രത്തിലാണ് ഐശ്വര്യ നായികാ മുഖമാവുന്നത്. സി.കെ. കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ഗോഡ്സെ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഈ വർഷം ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്, ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിൽ തകർത്ത് അഭിനയിച്ച് ആരാധകരെ സൃഷ്ടിച്ച താരമാണ് സത്യദേവ് .
തെലുങ്കിൽ അഭിനയിക്കുന്ന ത്രില്ലിലാണ് ഐശ്വര്യ . മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ, കാർത്തിക് സുബ്ബരാജിന്റെ ജഗമെ തന്തിരം എന്നീ ചിത്രങ്ങളാണ് തമിഴിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. മനു അശോകന്റെ കാണെക്കാണെ, നിർമ്മൽ സഹദേവിന്റെ കുമാരി , അർച്ചന 31 നോട്ട് ഔട്ട് എന്നീ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ.കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ യാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.