eee

രാവണന്റെ പുറപ്പാട് വിനാശകരമാണെന്ന് മനസിലാക്കിയ മാരീചൻ ആവുംവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. പഴയസംഭവങ്ങളും അനുഭവങ്ങളും ഓർമ്മിച്ച അദ്ദേഹം ഭയപ്പാടോടെ ഇപ്രകാരം പറഞ്ഞു: അല്ലയോ രാക്ഷസേശ്വര! മുമ്പൊരിക്കൽ വിശ്വാമിത്രന്റെ ആശ്രമത്തിൽവച്ച് ശ്രീരാമൻ എന്നെ വധിക്കാതെ വിട്ടയച്ചു. അത് എന്തുകൊണ്ടാണെന്ന് നിശ്ചയമില്ല. രാമശരത്തിൽ നിന്നു രക്ഷപ്പെട്ട ഞാൻ അതിശക്തിമാന്മാരായ രണ്ട് അസുരന്മാരുമായി വീണ്ടും കാട്ടിലൂടെ സ‌ഞ്ചരിച്ചു. ക്രൂരമൃഗങ്ങളുടെ രൂപത്തിലായിരുന്നു ആ വിഹാരം. രക്തപാനം ചെയ്ത് പച്ചമാംസം കഴിച്ച് ഞങ്ങൾ മദിച്ചുനടന്നു. തപസിലാണ്ട മഹർഷിമാരെ വധിച്ചു. അവരുടെ രക്തം കുടിച്ചു. മാംസം ഭക്ഷിച്ചു. യാഗശാലകളിലും നദീതീരങ്ങളിലും മരത്തണലുകളിലും ഞങ്ങൾ സ‌ഞ്ചരിച്ചു.

കാനനവാസികൾക്ക് ഭയം വിതച്ചുകൊണ്ട് ചോരക്കൊതിയന്മാരായി നരഭോജികളായി സ്വൈരവിഹാരം നടത്തുമ്പോൾ സന്യാസിവേഷത്തിൽ ആശ്രമത്തിൽ വസിക്കുന്ന ശ്രീരാമനെയും ലക്ഷ്മണനെയും സീതയെയും കണ്ടു. സകലലോകത്തിനും ആനന്ദദായകനായ ശ്രീരാമൻ കേവലം ഒരു മുനിവേഷധാരിയാണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചു. പഴയ വൈരവും അമർഷവും ഉള്ളിലുണ്ടായിരുന്നതിനാൽ ശ്രീരാമനിഗ്രഹത്തിനായി ഞാൻ തയ്യാറെടുത്തു. എന്നാൽ ശ്രീരാമനാകട്ടെ ക്ഷണത്തിൽ വില്ല് കുലച്ച് മൂന്നുശരങ്ങൾ കുട്ടികളെപ്പോലെ തൊടുത്തുവിട്ടു. ആ അമ്പുകൾ മൂന്നും ഒരുമിച്ചുവന്നു. രാമശരത്തിന്റെ അപാരശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. എങ്ങനെയോ എന്നെ ഒഴിഞ്ഞ് ആ ബാണം അതിശക്തരെന്ന് അഭിമാനിച്ചിരുന്ന രണ്ട് രാക്ഷസേന്ദ്രന്മാരെയും കാലപുരിക്കയച്ചു. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തായാലും അത് എന്റെ ജീവിതത്തെ മാറ്റി മറിച്ചു. തിന്മയുടെ മാ‌ർഗം വെടിഞ്ഞ് സന്യാസിയായി തപസ് ചെയ്ത് പുണ്യം നേടാൻ ശ്രമിക്കുകയാണ്.

ഭയംവിട്ടുമാറാത്ത കണ്ണുകൾ നാലുപാടും പതിപ്പിച്ചുകൊണ്ട് മാരീചൻ ഇപ്രകാരം തുടർന്നു: മുനിവേഷധാരിയായി അമ്പും വില്ലുമേന്തി നിൽക്കുന്ന ശ്രീരാമൻ കാലപാശമേന്തിയ അന്തകനെപ്പോലെയാണ്. കാട്ടിലെ ഓരോ മരത്തിലും ഞാൻ രാമനെ ദർശിക്കുന്നു. ഭയം കൊണ്ട് എന്റെ നേത്രങ്ങളിൽ ഇരുട്ട് പടരുന്നു. ആയിരമായിരം രാമന്മാർ മുന്നിൽനിൽക്കുംപോലെ തോന്നുന്നു. ഈ കാട്ടിലെ സസ്യലതാദികളെല്ലാം വില്ലും അമ്പുമേന്തിനിൽക്കുന്ന രാമന്റെ പ്രതിരൂപം പോലെ തോന്നിക്കുന്നു. വിജനസ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മുന്നിൽ രാമൻ നിൽക്കുംപോലെ തോന്നും. അപ്പോൾ ഭയന്നുപോകും. സ്വപ്നത്തിലും രാമനെകണ്ട് ഞെട്ടിയുണരും. എന്തിനേറെ 'ര" എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ പോലും ഭയപ്പെടുത്തുന്നു. ഞാനിന്ന് ധീരനല്ല, മഹാഭീരുവാണ്. കാരണം രാമന്റെ ശക്തി ഞാൻ നേരിൽ കണ്ടതാണ്. അഗ്നിപോലെയാണ് രാമൻ. ആർക്കും അടുക്കാനാകില്ല. അതിനോട് എതിരിടാൻ അങ്ങയ്ക്ക് സാധിക്കില്ല. മഹാബലിയോ നമുചിയോ നേരിട്ടാലും രാമൻ അടിയറവ് പറയിക്കും. രാമനോട് യുദ്ധം ചെയ്യാൻ ആർക്കും കഴിയില്ല. അത് മനസിലാക്കണം. എന്നെ ഇനിയും കാണണമെന്നുണ്ടെങ്കിൽ ഞാൻ ജീവിച്ചിരിക്കണമെന്നുണ്ടെങ്കിൽ രാമനെതിരെ ചിന്തിക്കാൻ പോലും എന്നെ പ്രേരിപ്പിക്കരുത്. സജ്ജനങ്ങൾപോലും അന്യന്മാരുടെ തെറ്റുകളിൽ നശിച്ചുപോയിട്ടുണ്ട്. അങ്ങ് ചെയ്യുന്ന തെറ്റിൽ ഒരുപക്ഷേ ആദ്യം നശിക്കുന്നത് ഞാനായിരിക്കും. രാക്ഷസേന്ദ്ര അങ്ങയ്ക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യുക. പക്ഷേ രാമന് അഹിതമാകുന്നതൊന്നും ചെയ്യാൻ എന്നെ നിർബന്ധിക്കരുത്. എനിക്ക് അതിനുള്ള കെല്പില്ല. ധർമ്മിഷ്ഠനും മഹാബലവാനും മോഹനസ്വരൂപനുമാണ് രാമൻ. രാക്ഷസകുലത്തിന് നാശമുണ്ടാക്കുന്നതൊന്നും രാമനെക്കൊണ്ട് ചെയ്യിക്കരുത്.

ദണ്ഡകാരണ്യത്തിൽ വച്ച് ശൂർപ്പണഖകാരണമാണ് ഖരൻ വധിക്കപ്പെട്ടത്. ചിന്തിച്ചാൽ അതിൽ രാമനിൽ അപരാധം കാണാനാകില്ല.

യഥാർത്ഥബന്ധുവെന്ന നിലയ്ക്ക് ഞാൻ ഒരുകാര്യം ഓർമ്മിപ്പിക്കട്ടെ. ശ്രീരാമനോട് യുദ്ധം ചെയ്യാൻ പോകരുത്. അത് നാശകാരണമാകും. അതനുസരിച്ചാൽ നല്ലതേ വരൂ. അതിന് വിരുദ്ധമായി നീങ്ങിയാൽ നമ്മുടെ കുലംതന്നെ മുടിഞ്ഞുപോകുമെന്ന കാര്യം മറക്കരുത്.

(ഫോൺ: 9946108220)