
ഗായകൻ എം.എസ് നസീം അടുത്തിടെയാണ് അന്തരിച്ചത്. ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്ന നസീമിന്റെ മരണം സംഗീതലോകത്തിനും അദ്ദേഹത്തിന്റെ ആസ്വാദകർക്കും വലിയ നഷ്‌ടം തന്നെയാണ് സൃഷ്‌ടിച്ചത്. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനും നസീമിന്റെ മരണവാർത്തിയിൽ ദുഖം പങ്കുവച്ചിരുന്നു. കോളേജ് കാലഘട്ടത്തിൽ തനിക്കൊപ്പം പഠിച്ചിരുന്ന സുഹൃത്തിനെ ഒരു ചിത്രത്തിൽ പോലും പാടിപ്പിക്കാൻ കഴിയാത്തതിന്റെ ദുഖം മേനോൻ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ‌്തു.
എന്നാൽ അതിനു നേരെ നിരവധി വിമർശനങ്ങളും ഉയർന്നു. ഇപ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമില്ലെന്നും, ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കരയാതെ തന്നെ കുഞ്ഞിന് പാലുകൊടുക്കണമായിരുന്നു എന്നും തുടങ്ങി നിരവധി കമന്റുകൾ വിമർശന രൂപത്തിൽ എത്തി.
വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. വിശദീകരണം എന്നത് ഇനി ആവർത്തിക്കില്ലെന്നും, ഉദ്ദേശിക്കാത്ത തരത്തിൽ പ്രതികരണങ്ങൾ വന്നതിന്റെ ബാദ്ധ്യത തനിക്കായതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് മേനോൻ വ്യക്തമാക്കി.