ee

ആനയ്‌ക്ക് ആനയുടെ വലിപ്പവും ബലവും അറിയില്ല. മീരാൻകുട്ടി ഇടയ്ക്കിടെ ആനയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും അതിൽ മുനയുള്ള കുത്തുവാക്കാണ്. പുതുതായി ചുമതലയേറ്റ പ്രവീൺ എന്ന മേലുദ്യോഗസ്ഥൻ ലാളിത്യവും വിനയവുമുള്ളയാളാണ്. ശിപായിമാരെ പേര് പറഞ്ഞ് വിളിക്കില്ല. ചേട്ടാ എന്നാണ് പ്രായം കൂടിയവരെ വിളിക്കാറുള്ളത്. നേരത്തേ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ വായിൽ വരുന്ന രീതിയിലായിരിക്കും വിളിക്കുക. അച്‌ഛന്റെ പ്രായം വരുന്നവരോട് എടാ എന്നൊക്കെയാവും വിളിക്കുക. കേട്ടിരിക്കുന്നവരുടെ തൊലി പൊള്ളും. സ്വന്തം തന്തയെയും ഇങ്ങനെയായിരിക്കും വിളിക്കുക എന്നൊക്കെ ചിലർ അടക്കം പറയാറുണ്ട്.

ഓഫീസിൽ പുതുതായി വന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ പ്രസാദ് എല്ലാവരോടും നല്ല സഹകരണമാണ്. എം.എ ഒന്നാംക്ലാസിൽ പാസായ മിടുക്കനാണെന്ന് മേലുദ്യോഗസ്ഥനായ പ്രവീൺ സംസാരമദ്ധ്യേയാണ് അറിയുന്നത്. പ്രവീണിനെപ്പോലെ പ്രസാദും എല്ലാവരോടും സ്നേഹപൂർണമായി പെരുമാറും. മീരാൻകുട്ടിക്ക് അത് ഇഷ്ടപ്പെടാറില്ല. കുത്തും മുനയും വച്ച വാക്കുകൾ പ്രവീണിനെപ്പറ്റി പറയും. ഇടയ്‌ക്കിടെ ആനയുടെ കാര്യമായിരിക്കും ഉദാഹരിക്കുക. ആനയ്ക്ക് ആനയുടെ ശക്തി അറിയില്ല. ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. അല്ലെങ്കിൽ ആ സ്ഥാനത്ത് അർദ്ധോക്തിയിൽ മീരാൻകുട്ടി പറയാറുണ്ട്. സ്നേഹവും വിനയവും ഒക്കെ ഉണ്ടെങ്കിലും ജോലിക്കാര്യത്തിൽ അണുവിട വിട്ടുവീഴ്ചയില്ല പ്രവീണിന്. ജോലിവേറെ സ്നേഹം വേറെ എന്നതാണ് നയം. ഇത് ഇഷ്ടപ്പെടാത്തവർ മീരാൻകുട്ടിയോട് യോജിക്കും. ഒരിക്കൽ പ്രസാദ് പുഞ്ചിരിയോടെ അതിനെ വിമർശിച്ചു. ആനയ്ക്കറിയാം ആനയെക്കാളും വലിയ ശക്തികൾ ലോകത്തുണ്ടെന്ന്. തുമ്പിക്കൈയിലൂടെ കയറുന്ന ഒരു കട്ടുറുമ്പിന് തന്നെ അടിയറവ് പറയിക്കാൻ പറ്റുമെന്ന് ആ ജീവിക്കറിയാം. മാത്രമല്ല ലോകം മുഴുവൻ നിയന്ത്രിക്കുന്ന ശക്തിയുടെ മുന്നിൽ താൻ വലിയ പൂജ്യമാണെന്നും അറിയാമായിരിക്കും. അതല്ലേ അമ്പതടിപൊക്കക്കാരൻ കേവലം അഞ്ചടി നാലിഞ്ച് പൊക്കമുള്ള പാപ്പാനോട് ഇണങ്ങിപ്പോകുന്നത്. പ്രസാദിന്റെ സംസാരത്തിലെ പ്രൗഢികണ്ട് മീരാൻകുട്ടി വാപൊളിച്ചിരുന്നു. സഹപ്രവർത്തകരും അതുകേട്ട് അതിശയിച്ചു.

വിദേശാധിപത്യം, ചാതുർവർണ്യം എന്നൊക്കെ പ്രസംഗിക്കുന്ന പലരും തങ്ങളുടെ ചുറ്റുമുള്ളവരോട് ഭേദചിന്തകളോടെയല്ല പെരുമാറുന്നതെന്ന് കേട്ടിരുന്ന ഒരു സഹപ്രവർത്തകൻ ചോദിച്ചു. പ്രസാദ് അതിന്റെ തുടർച്ചയായി ചിലകാര്യങ്ങൾ കൂടി പറഞ്ഞു: മറ്റുള്ളവരോട് വിനയത്തോടും സ്നേഹത്തോടും മനുഷ്യപ്പറ്റോടും സംസാരിക്കാൻ വലിയ പണ്ഡിതനാകണ്ട. വലിയ വിദ്യാഭ്യാസവും വേണ്ട. പാറപ്പുറവും പടുകുഴിയും തമ്മിൽ വലിയ ദൂരമില്ലെന്നു മനസിലാക്കിയാൽ മാത്രംമതി. പാറപ്പുറത്തിരിക്കുമ്പോൾ താൻ എല്ലാവർക്കും മുകളിലാണെന്ന് ധരിച്ച് ഭ്രമിക്കരുത്. ആ ഭ്രമം തലയ്ക്ക് പിടിച്ചാൽ ചിലപ്പോൾ കാൽതെറ്റി പടുകുഴിയിലായിരിക്കും വീഴുക. നല്ല രാജാക്കന്മാർ അത്യാവശ്യത്തിലേ കല്പന പുറപ്പെടുവിക്കാറുള്ളൂ. പ്രജകളോട് തൊട്ടതിനും പിടിച്ചതിനും കല്പിക്കുന്ന രാജാവിനെ ആരും മാനിക്കാറില്ല. ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ട എന്ന ചൊല്ലുണ്ടാക്കിയതും രസികന്മാരാണ്. കാരണം ആനപ്പുറത്തിരിക്കുന്നവർക്ക് എത്രവർഷം സ്ഥിരമായി ആനപ്പുറിത്തിരിക്കാനാകും. ആനയെന്നാൽ കേവലം ഭൗതികമായ പദവികൾ. അല്ലെങ്കിൽ സമ്പത്ത്, ഐശ്വര്യം ആനയ്ക്കും ഇതൊക്കെ അറിയാമായിരിക്കും. അതാകാം കരയിലെ വലിയ ജീവിയായിട്ടും മദം പൊട്ടുന്ന സമയമൊഴികെ മര്യാദക്കാരനായി നടക്കുന്നത്. മീരാൻകുട്ടിയും അതുകേട്ട് ചിരിച്ചു.

(ഫോൺ: 9946108220)