rahul-gandhi

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി. ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്‌ക്ക് നൽകിയതെന്ന് രാഹുൽ തന്റെ മുത്തച്ഛനോട് (ജവഹർലാൽ നെഹ്രു) ചോദിക്കണം. അപ്പോൾ അദ്ദേഹത്തിന് ഉത്തരം ലഭിക്കുമെന്നാണ് കിഷൻ റെഡ്ഢിയുടെ പ്രതികരണം. ആരാണ് ദേശസ്‌നേഹിയെന്നും ആർക്കാണ് ദേശസ്‌നേഹമില്ലാത്തതെന്നും പൊതുജനത്തിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ എ ഐ സി സി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. മോദി ചൈനയ്‌ക്ക് ഇന്ത്യയുടെ ഭൂമി വിട്ടുനൽകിയെന്നും പ്രധാനമന്ത്രി ചൈനയ്‌ക്ക് കീഴടങ്ങിയെന്നും രാഹുൽ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണെന്നും ചൈനയ്‌ക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ പേടിയാണെന്നും രാഹുൽ വിമർശിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം.