dog

വില്ലോ എന്ന നായ ആരുടേയും ഹൃദയം കവരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, എന്തെന്നാൽ അത്ര ഭംഗിയാണ് അവളെ കാണാൻ. എന്നാൽ ഭംഗിക്കൊപ്പം ബുദ്ധിയിലും താൻ ഒട്ടും പിന്നിലല്ലെന്ന് അവൾ ചില കളികളിലൂടെ തെളിയിക്കുന്നു. വില്ലോയുടെ ഉടമയും ടീച്ചറുമായ ഷാർലറ്റിന് കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തന്റെ പ്രിയപ്പെട്ട നായ ഉണ്ടെങ്കിലേ പറ്റുകയുള്ളു എന്ന അവസ്ഥയാണ് ഇപ്പോൾ. വില്ലോയ്ക്ക് കുട്ടികൾക്കായി ക്ലാസ് എടുക്കാൻ കഴിയുമോ എന്നല്ലേ. ഈ നായ കുറച്ച് സ്‌പെഷലാണ്. അവൾക്ക് സ്വന്തം പേരിന്റെ സ്‌പെല്ലിംഗ് അറിയാം, അത് കണ്ടെത്തും, കൂടാതെ ഒന്നു മുതൽ പത്ത് വരെ അസലായി എണ്ണാനും അറിയാം. ഇത് പോരാത്തതിന് വൃത്തം, ത്രികോണം, ചതുരം എന്നിവയുൾപ്പെടെ 2 ഡി ആകൃതികൾ മുന്നിൽ വച്ച് കൊടുത്താൽ തെറ്റാതെ ചൂണ്ടിക്കാട്ടാനും കഴിയും.

dog

​​​​ഇത്രയും മിടുക്കിയായ ഒരു നായയെ എങ്ങനെയാണ് ഷാർലറ്റ് സ്വന്തമാക്കിയതെന്നോ ? അത് വർഷങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ്. സാധാരണ നായകൾക്ക് ചെയ്യാൻ കഴിയുന്നതിലും വലിയ കാര്യങ്ങളാണ് വില്ലോ കാണിച്ചു തരുന്നത്. കാലാവസ്ഥയ്ക്ക് അനുസരിച്ച ചിത്രങ്ങൾ കാട്ടിയാൽ സൂര്യപ്രകാശം, തെളിഞ്ഞ കാലാവസ്ഥ, മഞ്ഞ്, മഴ, കാറ്റ് എന്ന് വേണ്ട എല്ലാം അവൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയും. എന്നാൽ അതിന്റെ അഹങ്കാരമൊന്നും വില്ലോയ്ക്കില്ല കേട്ടോ. പിന്നെ വില്ലോ ഇപ്പോൾ കുറച്ച് തിരക്കിലാണ്... എന്താണെന്നോ കക്ഷി ചൈനീസ് ഭാഷ പഠിക്കുന്ന തിരക്കിലാ. അപ്പോൾ നമുക്ക് വില്ലോയെ ശല്യപ്പെടുത്തേണ്ട പഠിക്കട്ടേ അവൾ.