police

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര‌യ്‌ക്ക് സ്വീകരണം നൽകി പൊലീസുകാർ. സ്‌റ്റേഷൻ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും പൊലീസ് അസോസിയേഷൻ മുൻ നേതാക്കളുമായവരാണ് ഐശ്വര്യകേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ പ്രതിപക്ഷനേതാവിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്. ചെന്നിത്തലയെ കൂടാതെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രനൊപ്പവും ഇവർ നിൽക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്.

കൊച്ചി സി‌റ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവർ. കൊച്ചി സി‌റ്റിയിലെ മൂന്ന് പേരും എറണാകുളം റൂറലിലെ രണ്ടുപേരുമാണ് വിവാദത്തിലായത്. പൊലീസ് ചട്ടപ്രകാരം രാഷ്‌ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ഇത് ലംഘിച്ച് ജോസ് ആന്റണിസ ദിലീപ് സദാനന്ദൻ, ഷിബു ചെറിയാൻ, ബിജു സിൽജൻ എന്നീ പൊലീസുകാരാണ് ചെന്നിത്തലയ്‌ക്ക് സ്വീകരണം നൽകിയത്. സംഭവത്തെ കുറിച്ച് സ്‌പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.